വസ്തുത മനസിലാക്കാതെ ലൈവിൽ വന്ന് വൃത്തികേട് പറഞ്ഞിട്ട് എന്നെ വിളിച്ച് പ്രതികരണം ചോദിക്കുന്നു; മാധവ് സുരേഷ്
Friday, August 22, 2025 12:37 PM IST
നടുറോഡില്‍ വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ മാധവ് സുരേഷ്. യഥാർഥത്തിൽ നടന്നതിന്റെ പകുതി പറയാതെ, നടക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പറയുന്നതെന്ന് മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
‘‘ഞാനും കൂടി ഭാഗമായ ഒരു സംഭവത്തിൽ, യഥാർഥത്തിൽ നടന്നതിന്റെ പകുതി പറയാതെ, നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയുന്നത്. അതും പൊതു ഇടത്തിൽ, ഒരു ഫാക്ട് ചെക്ക് പോലും ചെയ്യാതെ. മാധ്യമങ്ങൾ നന്നായി അതു ചെയ്തു. പ്രത്യേകിച്ചും, ലൈവിൽ വൃത്തികേട് പറഞ്ഞിട്ട് എന്നെ വിളിച്ച് പ്രതികരണം ചോദിച്ച ആ വ്യക്തി!’’മാധവ് സുരേഷിന്റെ വാക്കുകൾ.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
വിനോദ് കൃഷ്ണയുടെ കാര്‍ മാധവിന്റെ കാറുമായി തട്ടിയതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
മ്യൂസിയം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.