‘അവൻ എനിക്ക് സഹോദരനാണ്’; വിജയ്യുടെ പരാമർശത്തിൽ കമൽഹാസന്റെ മറുപടി
Friday, August 22, 2025 10:40 AM IST
സിനിമയിൽ മാര്‍ക്കറ്റ് പോയപ്പോൾ രാഷ്ട്രീയത്തില്‍ ഇറങ്ങിയതല്ല താനെന്ന വിജയ്യുടെ വാക്കുകളോട് പ്രതികരിച്ച് ഉലകനായകൻ കമൽഹാസൻ. തന്റെ പേരുപറഞ്ഞാണോ വിജയ്യുടെ വിമര്‍ശനമെന്ന് കമല്ഹാസന് മാധ്യമങ്ങളോട് ചോദിച്ചു. വിലാസം ഇല്ലാത്ത കത്തിന് താൻ മറുപടി പറയണോയെന്നും അദ്ദേഹം ചോദിച്ചു.
‘‘ആരുടേയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ? വിലാസം ഇല്ലാത്ത കത്തിന് ഞാന്‍ മറുപടി പറയണോ? അവന് എനിക്ക് സഹോദരനാണ്’’എന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റ് പോയി വിരമിച്ച ശേഷം അഭയംതേടിയല്ല താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നായിരുന്നു സമ്മേളനത്തില്‍ വിജയ് പറഞ്ഞത്. സിനിമാരംഗത്ത് സജീവമായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാടാണ് വിജയ് പറഞ്ഞത്. പിന്നാലെ ഇത് കമല്‍ ഹാസന് ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണെന്നുള്ള ചര്‍ച്ചകൾ ഉയർന്നിരുന്നു.
വ്യാഴാഴ്ച മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാംസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിജയ്യുടെ വിമര്‍ശനം.