ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതിതീർത്തു; ഇത്രയും നാൾ ടെൻഷനിലായിരുന്നു; ജീത്തു ജോസഫ്
Friday, July 18, 2025 1:28 PM IST
ആരാധകർ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഇത്രും നാൾ കടന്നുപോയത് വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിലൂടെയായിരുന്നെന്നും അത് എഴുതി തീർത്തപ്പോഴാണ് ഒരാശ്വാസമായതെന്നും ജീത്തു പറഞ്ഞു.
മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഫിലിം ആൻഡ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘‘ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. സിനിമയുടെ ഫസ്റ്റ്ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കി, ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം ‘മിറാഷ്’ എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, പിന്നീട് ‘വലതുവശത്തെ കള്ളൻ’.
ഈ ഷൂട്ടിംഗിനിടെ എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. ഭയങ്കരമായി തളർന്നുപോയിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ് കിട്ടി.
ഇവിടെ ഈ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്’’, ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.