നടി ആര്യയുടെ ‘കാഞ്ചീവരം’ ബുട്ടീക്കിന്റെ പേരിൽ വ്യാജൻ
Friday, July 18, 2025 12:21 PM IST
നടിയും ടെലിവിഷൻ അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം ബുട്ടീക്കി’ന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ചു തട്ടിപ്പ്.
15,000 രൂപയുടെ സാരി 1900 രൂപയ്ക്കു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണു തട്ടിപ്പ്. ഇതുസംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്കി. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സംശയിക്കുന്നത്.
‘കാഞ്ചീവരം’ എന്ന പേരിലുള്ള റീട്ടെയില്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണു തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണു വ്യാജ പേജുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്നമ്പറുണ്ടാകും.
വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യൂ ആര് കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിനു പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്നു മനസിലാകുന്നത്. പണം നഷ്ടപ്പെട്ടയാള്‍ കഴിഞ്ഞദിവസം ആര്യയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നതെന്നും ആര്യ പറഞ്ഞു.