ശുഭാംശുവിനെ കെട്ടിപ്പിടിച്ച് ലെനയുടെ ഭർത്താവ് പ്രശാന്ത്; വീഡിയോ
Thursday, July 17, 2025 10:16 AM IST
ആക്സിയം 4 ദൗത്യസംഘത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ഭർത്താവ് പ്രശാന്ത് നായർ ആലിംഗനം ചെയ്ത് വരവേൽക്കുന്ന വീഡിയോ പങ്കുവച്ച് നടി ലെന.
ബഹിരാകാശത്തുനിന്ന് മടങ്ങിവന്ന ശുഭാംശു ശുക്ലയ്ക്കും മറ്റു യാത്രികർക്കുമൊപ്പമുള്ള പ്രശാന്തിന്റെ ചിത്രങ്ങളടങ്ങുന്ന വീഡിയോയാണ് ലെന പങ്കുവച്ചത്. ദേശീയ പതാകയ്ക്കൊപ്പമാണ് ഇന്ത്യയിൽ നിന്ന് ആക്സിയം ദൗത്യത്തിലുണ്ടായിരുന്ന ശുഭാംശു ശുക്ലയെ സഹപ്രവർത്തകർ തിരികെ വരവേറ്റത്. ശുഭാംശുവിന്റെ ഭാര്യയെയും കുഞ്ഞിനെയും വീഡിയോയിൽ കാണാം.
ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്സിയം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്ക്ക് യാത്ര സാധിക്കാതായാൽ ഇദ്ദേഹമായിരുന്നു പകരക്കാരൻ ആകേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ശുഭാംശുവിനു വേണ്ട എല്ലാ പരിശീലനങ്ങളിലും പ്രശാന്തും ഒപ്പമുണ്ടായിരുന്നു.
ആക്സിയം 4 വിക്ഷേപണസമയത്ത് കെന്നഡി സെന്ററിൽനിന്ന് പ്രശാന്ത് ചിത്രീകരിച്ച വീഡിയോ ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും ലെന പറഞ്ഞിരുന്നു.