സർവ്വം മായ തന്നെ അല്ലേ അളിയാ എന്നു നിവിൻ, മറുപടിയുമായി അജു; അഖിൽ സത്യൻ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്
Thursday, July 17, 2025 9:25 AM IST
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം സർവ്വം മായയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളിയും അജു വർഗീസുമൊന്നിക്കുന്നൊരു പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്.
"15 വർഷത്തെ സ്നേഹം, ചിരി, പിന്നെ ഞങ്ങളുടെ എഴുതപ്പെടാത്ത സൗഹൃദം. വളരെ സ്പെഷ്യലായ ഒരു സിനിമയ്ക്കായി എന്റെ പാട്ണർക്കൊപ്പം വീണ്ടും...സർവ്വം മായ തന്നെ! അല്ലേ അളിയാ!'- എന്ന ക്യാപ്ഷനോടെയാണ് നിവിൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
അതെ അളിയാ എന്നാണ് അജു വർഗീസ് കമന്റ് ചെയ്തിരിക്കുന്നത്. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.
പ്രീതി മുകുന്ദൻ ആണ് ചിത്രത്തിലെ നായിക. അഖിൽ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സർവ്വം മായ.
ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതമൊരുക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുക.