ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ; വന്പൻ സെറ്റിന്റെ വീഡിയോയുമായി മിഥുൻ മാനുവൽ
Wednesday, July 16, 2025 3:03 PM IST
ആട് 3യിൽ ജോയിൻ ചെയ്ത് ജയസൂര്യ. പാലക്കാട് നിന്നുള്ള സിനിമയുടെ വമ്പൻ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വീഡിയോ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്കുവച്ചു.
പ്രി–പ്രൊഡക്ഷൻ വർക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും ചില സീനുകളും ഉൾപ്പടുത്തിയുള്ളതാണ് വീഡിയോ.
ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, രഞ്ജി പണിക്കർ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സൃന്ദ, ബിജുകുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ എന്നിവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമാണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.
മിഥുൻ മാനുവൽ തോമസിണെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട്: ഒരു ഭീകരജീവിയാണ്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
2017ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടിയ ചിത്രമായിരുന്നു. ഏകദേശം 50 കോടി രൂപയാണ് ബോക്സ്ഓഫിസിൽ നിന്നും ചിത്രം കലക്ട് ചെയ്തത്.