ജൂനിയർ ഷാജി കൈലാസും ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് കാമറക്കുമുന്നിൽ
Saturday, July 12, 2025 12:45 PM IST
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ ചിത്രങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു.
രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കർ അച്ഛന്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ തുടങ്ങിയ ചിത്രങ്ങളും ഒരു വെബ് സീരിസും സംവിധാനം ചെയ്തു. നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
ഷാജി കൈലാസിന്റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. ഇപ്പോഴിതാ റുബിൻ അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിൽ അഭിനയിക്കുന്നു.
ഇതേ ചിത്രത്തിൽത്തന്നെ രൺജി പണിക്കരുടെ മകൻ നിഖിൻ രൺജി പണിക്കരും അഭിനയിക്കുന്നു. നിഖിൽ രഞ്ജി പണിക്കർ വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
നിഥിൻ രൺജി പണിക്കരും നിഖിൽ രൺജി പണിക്കരും ഇരട്ട സഹോദരന്മാർ കൂടിയാണ്. റുബിനും , നിഖിൽ രഞ്ജി പണിക്കരും ഒരേ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയത് തികച്ചും അവിചാരിതമായിട്ടാണ്.
കാംമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. സ്റ്റുഡൻസായിട്ടാണ് ഇരുവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ ലീഡേർസ് ആയ ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്.
ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കുന്നു.
ഡോ. ലിസി കെ. ഫെർണാണ്ടസിന്റേതാണ് കഥ. അമൽ കെ. ജോബി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണിന്റ, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, കോട്ടയം രമേശ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ, റോണി ജോസ്, ജെസി മാത്യു, ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർഗീസ് തോമസ്, സിബി മാണി കുമാരമംഗലം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. സംഗീതം: സ്റ്റീഫൻ ദേവസി. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ. രാജേന്ദ്രൻ. മേക്കപ്പ്: മാളൂസ്. കെപി. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.