വിവാഹം ചെയ്തത് വൈറൽ ആകാൻ വേണ്ടി മാത്രം; പെൺസുഹൃത്തിനെ വിവാഹം കഴിച്ചതിൽ വിശദീകരണവുമായി നടി പ്രാർഥന
Friday, July 4, 2025 10:32 AM IST
എന്തു തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വിഡിയോ ചെയ്തതെന്നും സീരിയൽ താരം പ്രാർഥന.
തെലുങ്ക് താരങ്ങൾ ചെയ്തൊരു റീൽ റി ക്രിയേറ്റ് ചെയ്യാൻ നോക്കിയതാണെന്നും മലയാളികൾ ഇത് ഏറ്റെടുത്ത് വൈറലാക്കിയെന്നും പ്രാർഥന പറയുന്നു. നടിയുടെ തുറന്നുപറച്ചിൽ വിഡിയോ എത്തിയതോടെ ഇരുവരെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
ഇത്തരത്തിൽ തമാശയ്ക്കു വേണ്ടി സ്വവർഗ വിവാഹം കഴിച്ച് വീഡിയോ ചെയ്യുന്നത് യഥാർഥത്തിലുള്ള സ്വവർഗ വിവാഹത്തെക്കൂടി അപമാനിക്കലാണ് എന്നാണ് കമന്റുകൾ.
‘‘അടുത്തിടെ ഞങ്ങൾ കല്യാണം കഴിക്കുന്നതായി ഒരു റീല്‍ ചെയ്തിരുന്നു. ഒരു കല്യാണം കഴിഞ്ഞപ്പോൾ എന്തു സംഭവിച്ചു എന്നറിയില്ല. എന്തു തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കും, അത് നിങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വൈറലായി നിൽക്കുന്നത്.
തെലുങ്ക് സീരിയലിലെ രണ്ടു ആർട്ടിസ്റ്റുകൾ ചെയ്ത ഒരു റീൽ കണ്ടു. അത് ഒന്ന് റീക്രിയേറ്റ് ചെയ്തു നോക്കാം എന്ന് കരുതി. നമ്മുടെ മലയാളി പ്രേക്ഷകർ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടിയിട്ടു ചെയ്തതാണ്.
വൈറലാകാൻ ചെയ്തതാ, ശരിക്കും ഇപ്പോൾ എയറിൽ ആയിരിക്കുകയാണ്. നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയാണ് ചെയ്തത്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടിയത്. അതാണ് ഞങ്ങളുടെ ധൈര്യം.
അതുകൊണ്ടാണ് ഞങ്ങൾ യാഥാർഥ്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അതാണ് ഞങ്ങൾ കുറെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
അൻസി വിവാഹം കഴിച്ചതാണ്, ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ചേട്ടന്മാരേ, ഒടുവിൽ പ്രാർഥന എത്തി സത്യം വെളിപ്പെടുത്തി എന്ന് ഇട്ടോളൂ.’’ പ്രാർത്ഥന പറയുന്നു.
കൂടെവിടെ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രാർത്ഥന. സുഹൃത്തും മോഡലുമായ അന്‍സിയയെ വിവാഹം കഴിക്കുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവച്ച പ്രാര്‍ഥനയുടെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു.
ഉറ്റ സുഹൃത്തുക്കളായ ഇരുവരും വിവാഹവേഷത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വച്ച് പരസ്പരം മാലചാർത്തി വിവാഹിതരാകുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്.