ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല: ഹൈക്കോടതി
Monday, June 30, 2025 3:36 PM IST
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ജാനകി എന്ന പേര് മതപരമായോ വർഗീയപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിൽ എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡ് മറുപടി നൽകണം. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.
മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് ഇന്നും സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു.
സംസ്കാരവുമായി ബന്ധപ്പെട്ടത് എന്നായിരുന്നു സെൻസർ ബോർഡിന്റെ മറുപടി. എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്. അത് ഹിന്ദുവാണെങ്കിലും ക്രൈസ്തവരാണെങ്കിലും മുസ്ലിമാണെങ്കിലും 80 ശതമാനം പേരുകള്‍ക്കും അതുണ്ട്. സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.
നിക്ഷ്പക്ഷമായ ഒരു പേര് ഇടാമല്ലോ എന്നാണ് സെൻസർ ബോർഡ് ഇതിനു മറുപടിയായി പറഞ്ഞത്. എന്നാൽ എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങള്‍ നിർദേശിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്, നിങ്ങൾക്കതിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ചിത്രത്തിലെ നായികയുടെ പേരാണ് ജാനകി എന്നും നായിക ബലാത്സംഗ അതിജീവിതയാണെന്നും നിർമാണക്കമ്പനി കോടതിയെ അറിയിച്ചു. ആ അതിജീവിത നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടമാണ് സിനിമയിൽ ഉള്ളതെന്നും വ്യക്തമാക്കിയ നിർമാണക്കമ്പനി സിനിമ കണ്ട് വിലയിരുത്താൻ കോടതിയെ ക്ഷണിക്കുകയും ചെയ്തു.
തുടർന്നാണ് എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കോടതി സെൻസർ ബോർഡിന് നിർദേശം നൽകിയത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും ജെഎസ്കെയ്ക്ക് അനുമതി നിഷേധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തേ പരിഗണിച്ചിരുന്നു. നേരത്തെയും കേസ് പരിഗണിച്ചപ്പോൾ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.