ഈ പ്രതികരണം എന്നെ കൂടുതൽ വിനീതനാക്കുന്നു; തുടരും വിജയത്തിൽ മോഹൻലാൽ
Saturday, April 26, 2025 12:28 PM IST
തുടരും സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്പർശിക്കുകയും വിനീതനാക്കുകയും ചെയ്യുന്നുവെന്ന് മോഹൻലാൽ കുറിച്ചു.
""തുടരും എന്ന സിനിമയോടുള്ള നിങ്ങളുടെ സ്നേഹവും ഹൃദയസ്പർശിയായ പ്രതികരണങ്ങളും എന്നെ ആഴത്തിൽ സ്പർശിച്ചു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും കണ്ട് മറുപടി പറയാൻ വാക്കുകൾ നഷ്ടമാവുകയാണ്, ഈ അഭിനന്ദന സന്ദേശങ്ങൾ എന്നെ കൂടുതൽ വിനീതനാക്കുന്നു.
ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്നേഹത്തോടെ അതിനെ സ്വീകരിച്ചതിന് നന്ദി. ഈ നന്ദിവാക്കുകൾ എന്റേത് മാത്രമല്ല. ഓരോ ഫ്രെയിമിലും എനിക്കൊപ്പം നടന്ന്, അവരുടെ സ്നേഹവും കഠിനാധ്വാനവും ആത്മാവും അർപ്പിച്ച് എന്നോടൊപ്പം ഈ യാത്രയിൽ സഞ്ചരിച്ച ഓരോ വ്യക്തികളുടേതുമാണ്.
രഞ്ജിത്ത് എം., തരുൺ മൂർത്തി, കെ.ആർ. സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ, ഷാജി കുമാർ, ജേക്സ് ബിജോയ്, പകരം വയ്ക്കാനില്ലാത്ത ഞങ്ങളുടെ ടീം, നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവുമാണ് തുടരും എന്ന ഈ സിനിമയെ അതിന്റെ ലക്ഷ്യത്തിലെത്തിച്ചത്.
ഈ സിനിമ ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാറ്റിനുമുപരി സത്യസന്ധമായാണ് നിർമിച്ചത്. ഇത്രയും ആഴത്തിൽ അത് പ്രതിധ്വനിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ പ്രതിഫലം. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്ക്കും ഹൃദയപൂർവ്വം നന്ദി. എന്നെന്നും സ്നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹൻലാൽ''.