ബുക്ക് മൈ ഷോ സെർവർ പോലും നിശ്ചലമാക്കി എന്പുരാന്റെ ബുക്കിംഗ്
Friday, March 21, 2025 9:49 AM IST
ആവേശം വാനോളം ഉയർത്തിയ എന്പുരാൻ ട്രെയിലറിന് പിന്നാലെ ബുക്കിംഗിലും ആവേശത്തിന്റെ തീപ്പൊരി പാറിച്ച് ആരാധകർ. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സിനിമാ പ്രേമികൾ കാത്തിരുന്ന എന്പുരാന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.
ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റുപോയി എന്നു പറയുന്ന കാഴ്ചയ്ക്കാണ് രാവിലെ ഒൻപതുമുതൽ ബുക്ക്മൈ ഷോ സാക്ഷിയായത്. ഒരു നേരത്തേയ്ക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെർവർ പോലും നിശ്ചലമായിപ്പോയി. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്.
സകല കളക്ഷൻ റിക്കാർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.