ലൂസിഫർ ക്ലൈമാക്സ് അവസാനം ദുബായിൽ ചിത്രീകരിക്കുന്നത് നിഷേധിച്ചു, ഒടുവിൽ; പൃഥ്വിരാജ്
Wednesday, March 19, 2025 12:25 PM IST
ലൂസിഫർ സിനിമയുടെ ക്ലൈമാക്സ് ലൊക്കേഷൻ അവസാന നിമിഷം മാറ്റേണ്ടി വന്നതിനെപ്പറ്റി പറഞ്ഞ് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ.
ദുബായിൽ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാർട്ടേഡ് ടെർമിനലിൽ ആയിരുന്നു ലൂസിഫറിന്റെ ക്ലൈമാക്സ് ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷൻ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പിന്നീട് ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ലൊക്കേഷൻ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
‘‘ലൂസിഫറിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായിൽ ജെബല്‍ അലി എന്ന സ്ഥലത്തുള്ള ഒരു സ്വകാര്യ ചാർട്ടേഡ് ടെർമിനലിൽ ആയിരുന്നു. ഏകദേശം 100-ലധികം സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളും ഉയർന്ന നിലവാരമുള്ള സ്വകാര്യ ജെറ്റുകളും എല്ലാം പാർക്ക് ചെയ്തിട്ടിരിക്കുന്ന മനോഹരമായ ഒരു ടെർമിനലാണ് അത്.
അവിടെ സിനിമ ചിത്രീകരിക്കാൻ എനിക്ക് അനുമതി ലഭിച്ചതാണ്. നിർഭാഗ്യവശാൽ സ്ക്രിപ്റ്റ് വായിച്ചതിനു ശേഷം അവസാന നിമിഷം ദുബായി ഫിലിം കമ്മിഷൻ അനുമതി നിഷേധിച്ചു. കാരണം എന്താണെന്ന് ശരിക്ക് എനിക്കറിയില്ല, എന്തോ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് എന്നാണ് അറിഞ്ഞത്.
അതിനാൽ അവസാന നിമിഷം എനിക്ക് മറ്റൊരു ഓപ്ഷൻ നോക്കേണ്ടി വന്നു, ഇതിനകം തന്നെ ഞങ്ങൾ റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെ ആകെ ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ എന്റെ ഒരു സുഹൃത്താണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നിർദ്ദേശിച്ചത്. എന്റെ സുഹൃത്തിനു അവിടെ കോൺസുലേറ്റിൽ ഒരു സുഹൃത്ത് ഉണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്നു പറഞ്ഞു.
മോഹൻലാൽ സാറിനെയും ആന്റണി പെരുമ്പാവൂരിനെയും ഉടനെ തന്നെ വിളിച്ചു, ‘ഞാൻ റഷ്യയിലേക്ക് പോകുന്നു, 48 മണിക്കൂറിനുള്ളിൽ അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം വിളിക്കാം, എല്ലാം ഓക്കേ ആണെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നിങ്ങൾ എത്തിച്ചേരണം’’ എന്നു പറഞ്ഞു.
എം.എ. ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാൻ ഞങ്ങളെ സഹായിച്ചത്. എനിക്ക് 24 മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു, ലാൽ സാറും ടീമിലെ മറ്റുള്ളവർക്കും 48 മണിക്കൂറിനുള്ളിൽ വിസ കിട്ടി.
വിസ കിട്ടിയ ഉടൻ തന്നെ ഞാൻ റഷ്യയിലേക്ക് പോയി. പോകുന്നതിന് മുന്നേ ആന്റണി പെരുമ്പാവൂർ എനിക്കൊരു ക്രെഡിറ്റ് കാർഡ് തന്നിട്ട് പറഞ്ഞു രാജുവിന് എന്ത് ആവശ്യമുണ്ടെങ്കിലും ഇത് ഉപയോഗിക്കാം.
ഞാൻ അവിടെ എത്തി ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകൾ എല്ലാം ചെയ്തതിനു ശേഷം ലാൽ സാറിനെ വിളിച്ച് അടുത്ത ഫ്ലൈറ്റിൽ തന്നെ എത്തിച്ചേരാൻ പറഞ്ഞു. ഉടൻതന്നെ ലാൽ സാറും ക്രൂവും എല്ലാം അവിടെ എത്തി ഷൂട്ടിംഗ് പുനരാരംഭിച്ചു.
ലാൽ സാറും ആന്റണിയും ഫിലിം മേക്കർ എന്ന നിലയിൽ എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഇതെല്ലാം സാധ്യമായത്. ഞാൻ എന്നും അവരോട് നന്ദി ഉള്ളവനായിരിക്കും. ‘എമ്പുരാൻ’ എന്ന സിനിമയുടെ കാര്യത്തിലും അവർ എന്നിൽ അർപ്പിച്ച വിശ്വാസം കാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.’’ പൃഥ്വിരാജ് പറഞ്ഞു.