അനുരാഗ ഗാനം മടങ്ങി; ഭാവഗഗായകന് വിടചൊല്ലി കേരളം
Saturday, January 11, 2025 2:14 PM IST
ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പ്രണയവും വിരഹവും ഭക്തിയുമൊക്കെ നിറഞ്ഞ ഒരുപിടിഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംസ്കാരം എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പില്‍ ഉച്ചയോടെ നടന്നു. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം.
നിശ്ചയിച്ചതിലും നേരത്തെയായിരുന്നു സംസ്കാരം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതശരീരം ഇന്നു രാവിലെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അല്പസമയം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ മൃതദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്.
ജയചന്ദ്രന് ജീവിതത്തിലും സംഗീതത്തിലും പിച്ചവച്ച ഈ തറവാട്ടില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രന് തറവാട് വീട്ടില്‍ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉള്‍പ്പെടെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു.
ചേന്ദമംഗലം പാലിയത്ത് അമ്മ സുഭദ്രകുഞ്ഞമ്മ താമസിച്ചിരുന്ന നാലുകെട്ടിലാണ് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നത്. പാലിയത്തെ സ്ത്രീകള്‍ താമസിച്ചിരുന്ന നാലുകെട്ട് നിലവില്‍ പാലിയം ട്രസ്റ്റിന്റെ ഓഫീസായി പ്രവര്‍ത്തിച്ചു വരികയാണ്.
മൃതദേഹം പാലിയത്ത് എത്തിച്ച ശേഷം കുടുംബാംഗങ്ങളുടെ പ്രത്യേക ചടങ്ങുകള്‍ നടന്നു. 11 ഓടെ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കി. അപ്പോള്‍ തന്നെ വലിയൊരു ജനകൂട്ടം ഇഷ്ട ഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, പ്രഫ. കെ വി തോമസ് സംഗീത സംവിധായകന് ബിജിബാല്‍ അടക്കം നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തറവാടിനോട് ചേര്‍ന്നുളള പിതൃസ്മൃതിയില്‍ ഇനി മലയാളത്തിന്റെ ഭാവഗായകന്റെ ഓര്‍മകള്‍ ഉറങ്ങും.