ആദ്യപ്രതിഫലം ആ കരങ്ങളിൽനിന്ന്...
സീമ മോഹന്‍ലാല്‍
Saturday, January 11, 2025 10:48 AM IST
“നാലു ദിവസം മുമ്പ് ഗുരുവായൂര്‍ ദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ ജയേട്ടനെ ഒന്നു കാണാന്‍ കഴിയുമോയെന്ന് പലരോടും ഞാന്‍ അന്വേഷിച്ചിരുന്നു. പക്ഷേ അതിനു സാധിച്ചില്ല. വ്യാഴാഴ്ച ഇവിടെ തിരിച്ചെത്തിയ ഉടനെയാണ് അദ്ദേഹത്തിന്റെ മരണവിവരം അറിയുന്നത്.
എനിക്കു വലിയ സങ്കടമുണ്ട്. ഞാന്‍ ആദ്യമായി ഗാനമേളകളില്‍ പാടിത്തുടങ്ങിയത് ജയേട്ടനൊപ്പമാണ്. അദ്ദേഹത്തെ അവസാനമായി കാണാന്‍ എനിക്ക് ഇവിടെനിന്ന് ഇപ്പോള്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ മനസില്‍ ഭാരം നിറയ്ക്കുകയാണ്...’’-ചെന്നൈയിലെ വീട്ടിലിരുന്ന് ഇടറുന്ന ശബ്ദത്തോടെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര ഗായകന് പി. ജയചന്ദ്രന്റെ ഓര്‍മകളില്‍ വിതുന്പി.
അസുഖവിവരം വൈകിയാണ് അറിഞ്ഞത്. ഞാന്‍ മൂന്നോ നാലോ തവണ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്ന് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ എനിക്കു കാണാന്‍ സാധിച്ചില്ല, ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. കാണാന്‍ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ല. അതെനിക്കൊരു വലിയ സങ്കടം തന്നെയാണ്- ചിത്ര പറഞ്ഞു.
ജയേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒരു ഓണാഘോഷ പരിപാടിയിലായിരുന്നു. അന്നെനിക്ക് 13 വയസാണ്. ജയേട്ടന്റെ ഗാനമേളയില്‍ കൂടെ പാടാനാണ് എന്നെ വിളിച്ചത്. ട്രിവാൻഡ്രം ക്ലബിലായിരുന്നു റിഹേഴ്സല്‍. അതു കഴിഞ്ഞു മൂന്നാമത്തെ മാസം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടന്ന പരിപാടിക്കും എന്നെ പാടാന്‍ വിളിച്ചു. പ്രതിഫലത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ള വലിയ ആള്‍ക്കൊപ്പം പാടുകയെന്നതായിരുന്നു വലിയ കാര്യം.
പരിപാടി കഴിഞ്ഞ് പിറ്റേദിവസം രാവിലെ അദ്ദേഹം എന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വന്നു. ഞങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം 101 രൂപ ഒരു കവറിലിട്ട് കൈയില്‍ തന്നു. പാടിയതിനു കിട്ടിയ ആദ്യ പ്രതിഫലമായിരുന്നു അത്. അതിനുശേഷം ചെന്നൈയിലേക്കു താമസം മാറിയപ്പോള്‍ അദ്ദേഹത്തിനും ദാസേട്ടനുമൊപ്പം ഒത്തിരി പരിപാടികളില്‍ പാടി. ജയേട്ടനോടൊപ്പം കുറേ റിക്കാര്ഡിംഗുകളും നടത്തിയിട്ടുണ്ട്.
ഒരിക്കല്‍ ഞങ്ങളുടെ ഓഡിയോ ട്രാക്ക്സ് കമ്പനിയുടെ ആല്‍ബം റിക്കാര്‍ഡിംഗിനായി അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വന്നു. രാവിലെ വന്നിട്ടു രാത്രി വരെ ഇരുന്നു. ജയേട്ടന് ദോശ ഇഷ്ടമാണ്. ഞാന്‍ ദോശയും ചട്ണിയുമൊക്കെ ഉണ്ടാക്കിക്കൊടുത്തു. അന്ന് റാഫി സാബ്, സുശീലാമ്മ, ദക്ഷിണാമൂര്‍ത്തി സ്വാമി എന്നിവരെയൊക്കെക്കുറിച്ച് അദ്ദേഹം വാചാലനായി.
“നീയെനിക്കു സഹോദരി’’
ഓസ്ട്രേലിയയില്‍ ഇളയരാജ സാറിന്റെ പരിപാടിക്കു പോയ കാര്യമാണ് ഇപ്പോള്‍ ഓര്മ വരുന്നത്. റിഹേഴ്സല്‍ രാവിലെ ഉണ്ടാകുമെന്നതിനാല്‍ എല്ലാവരും നേരത്തെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണമെന്ന് പറഞ്ഞിരുന്നു. അവിടെയുള്ള ഒരാളുടെ വീട്ടില്‍ നിന്ന് ഒരു പാത്രത്തിലാക്കി കൊണ്ടുവന്ന ഭക്ഷണം എന്റെ മുറിയില്‍ത്തന്നെ വയ്ക്കാന്‍ ജയേട്ടന് പറഞ്ഞു. ഞാന്‍ പാത്രത്തില്‍ വിളമ്പിക്കൊണ്ടുവരട്ടേയെന്നു ചോദിച്ചപ്പോള്‍ അങ്ങോട്ടുവരാമെന്നു പറഞ്ഞു.
പിന്നീട് അദ്ദേഹം മുറിയില്‍ വന്ന് ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. പഴയകാല കഥകളും പാട്ടും തമാശയുമൊക്കെയായി അദ്ദേഹം പുലരും വരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഒടുവില്‍ കണ്ടത് ഒരു വര്‍ഷം മുമ്പ് ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാന പരിപാടിക്കിടെയാണ്. അന്നു ഞങ്ങള്‍ ഒരുമിച്ചു പാടി.
കുറേ സംസാരിച്ചു, ഫോട്ടോയെടുത്താണ് പിരിഞ്ഞത്. ഹിന്ദി ഒഴികെയുള്ള ഭാഷകളിലെല്ലാം ഞങ്ങള്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. ശിശിരകാല മേഘ, നീ മണിമുകിലാടകള്‍... ജയേട്ടനൊപ്പം പാടിയ ഈ പാട്ടുകളാണ് ഇപ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത്. - ചിത്ര പറഞ്ഞു നിര്‍ത്തി.