വാനിൽ കഥക്കൂട്ടുമായി കുട്ടനെ കാത്ത് മാഷും കൂട്ടുകാരും .
സെബി മാളിയേക്കൽ
Saturday, January 11, 2025 10:36 AM IST
ഭാവഗായകന്റെ വിടപറയലിൽ കേരളക്കര തേങ്ങുന്പോൾ മാനത്തെ വെള്ളിത്തേരിൽ ജയൻകുട്ടനെ വാരിപ്പുണരാൻ കാത്തിരിക്കുകയാണു പ്രിയപ്പെട്ട മാഷ്. പി. ജയചന്ദ്രനിലെ ഭാവഗായകനെ കണ്ടെത്തിയ ബാലസാഹിത്യകാരൻ സാക്ഷാൽ കെ.വി. രാമനാഥൻമാഷ്.
കൂടെ, ഒപ്പം കളിചിരികളുമായി നടന്ന ഇരിങ്ങാലക്കുടയിലെ കൂട്ടുകാരായ ഇന്നസെന്റും സംവിധായകൻ മോഹനും. ഇവർക്ക് ഇരിങ്ങാലക്കുടയിലെയും നാഷണൽ സ്കൂളിലെയും ഒരുപിടി ഓർമക്കഥകൾ പറയാനുണ്ട്. പാലിയത്തെ കുട്ടിയിലെ സർഗശേഷികൾ കണ്ടെത്തിയ കഥ മാഷ്തന്നെ പറയുന്നതുകേൾക്കാം.
മാഷ്ടെ സ്വന്തം ജയൻകുട്ടൻ
1958-ലെ ജൂലൈ. ഒരു വെള്ളിയാഴ്ച. എട്ട് എയിൽ സാഹിത്യസമാജം നടക്കുന്നു. സാഹിത്യസമാജത്തിന്റെ ചുമതലക്കാരനായ ഞാൻതന്നെയായിരുന്നു അധ്യക്ഷൻ. കുട്ടികളുടെ പലവിധ കലാപരിപാടികളും നടക്കുന്നതിനിടെ വെളുത്തുതുടുത്ത ഒരു പയ്യൻ ഓടിവന്നു. മേശയ്ക്കടുത്തു വന്നുനിൽക്കലും പാട്ടും ഒന്നിച്ചായിരുന്നു. ‘ഓഹോ വെണ്ണിലാവേ... വാരായോ വെണ്ണിലാവേ’ എന്നു തുടങ്ങുന്ന തമിഴ്പാട്ട്. സഭാകന്പമോ വിക്കലോ വിറയലോ ഇല്ലാതെ നല്ല ശ്രുതിതാളങ്ങളോടെ മനോഹരമായൊരു ഗാനാലാപനം.
യോഗം കഴിഞ്ഞതോടെ അവനെക്കൂട്ടി ഞാൻ സ്റ്റാഫ് റൂമിലേക്കു നടന്നു. ഇംഗ്ലീഷ് അധ്യാപകനും കർക്കശക്കാരനുമായ ഗോപാലമേനോൻസാറിന്റെ മുന്പിൽ അവനെക്കൊണ്ട് പാടിപ്പിച്ചു.
ഇതുകേട്ട് ചെയ്തിരുന്ന ജോലി മാറ്റിവച്ച് ഹെഡ്മാസ്റ്റർ ശ്രീധരമേനോനും ഓടിയെത്തി. അദ്ഭതപരവശനായ അദ്ദേഹം ചോദിച്ചു: “ഇതു നമ്മ്ടെ പാലിയത്തെ ജയചന്ദ്രൻകുട്ടനല്ലേ?’’ പാട്ടു കഴിഞ്ഞതോടെ ഗോപാലൻ മാഷുടെ പ്രഖ്യാപനം: “ഈ വർഷത്തെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ നമുക്കൊരു ഫസ്റ്റുണ്ട്.”
പിന്നീട് ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസജില്ലാതലമത്സരം. ജയൻകുട്ടനു പാട്ടിലും മൃദംഗത്തിലും ഒന്നാംസ്ഥാനം. സംഘാടകരുടെ നോട്ടപ്പിശകുകൊണ്ട് പാട്ടിൽ സീനിയറിലും മൃദംഗത്തിൽ ജൂണിയറിലും ആയിരുന്നു മത്സരിച്ചത്.
യേശുദാസിനെ കണ്ടുമുട്ടിയത്
സംസ്ഥാന കലോത്സവം തിരുവനന്തപുരത്തായിരുന്നു. അമ്മയുടെ അസുഖംമൂലം എനിക്കു പോവാൻ പറ്റീല്യ. റിസൾട്ട് അറിയാൻ ഇരിങ്ങാലക്കുട മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്നു.
പാട്ടിൽ കുട്ടന് രണ്ടാംസ്ഥാനം; മൃദംഗത്തിൽ ഒന്നാംസ്ഥാനം. പള്ളുരുത്തീന്നുള്ള മറ്റൊരു കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം. സീനിയർ വിഭാഗത്തിൽ മത്സരിച്ച് രണ്ടാംസ്ഥാനം ലഭിച്ചല്ലോയെന്ന് ആശ്വസിച്ചു.
ടീമിനെയും കൊണ്ടുപോയ രാമൻമാഷ് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്: “എന്റെ രാമൂ, നമ്മുടെ കുട്ടിക്കു സമ്മാനം കിട്ടാതെപോയതിൽ ദുഃഖം തോന്ന്ണില്ല്യ. കൊച്ചീന്ന് വന്ന കുട്ടീണ്ട്ല്ലോ, പാട്യപ്പോ രോമാഞ്ചണ്ടായി.” ആ കൊച്ചിക്കാരൻ പയ്യന്റെ പേര് കെ.ജെ. യേശുദാസ് എന്നായിരുന്നു. സമാപനസമ്മേളനത്തിൽ യേശുദാസ് പാടിയപ്പോൾ മൃദംഗം വായിച്ചതു കുട്ടനായിരുന്നു.
പാട്ടിൽ ശ്രദ്ധിക്കാനുള്ള ഉപദേശം
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ജയനെ സംഗീതത്തിൽ തുടർപഠനത്തിനു വിടണമെന്നായിരുന്നു മോഹം. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം ക്രൈസ്റ്റ് കോളജിൽനിന്നു രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. മദ്രാസിലെ പ്യാരി കന്പനിയിൽ ജോലിക്കു കയറി. അവിടെവച്ചാണ് ആദ്യ പിന്നണിഗാനാവസരം.
കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന അനശ്വരഗാനത്തിന്റെ ഗ്രാമഫോണ് റിക്കോർഡ് ഇരിങ്ങാലക്കുടയിലെത്തിയപ്പോൾ ഈ പ്രദേശത്തൊരു ഉത്സവംതന്നെയായിരുന്നു.മൃദംഗത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു കുട്ടനു മോഹം.
പാട്ടിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഉപദേശിച്ചതു ഞാനായിരുന്നു. അതുകൊണ്ടുതന്നെ 1987-ൽ എന്റെ റിട്ടയർമെന്റിനു ഞാനെഴുതി അവൻ നിരവധി വേദികളിൽ ആലപിച്ച ‘വേദനതിങ്ങിയ കരളുകളേ, തെളിയുന്നു പുതിയൊരു പുലരി’ എന്ന ഗാനം ഫുൾ ഓർക്കസ്ട്രയോടെ അവൻ പാടിയതു വല്ലാത്തൊരനുഭവമായിരുന്നു. എന്റെ എണ്പതാം പിറന്നാളിനും അവന്റെ ഗാനമേള തന്നെയായിരുന്നു.
കുട്ടന്റെ പേരിൽ ലഭിച്ച സൗജന്യം
വർഷങ്ങൾക്കുമുന്പ് ബാംഗ്ലൂരിലാണു സംഭവം. ഞാൻ സ്റ്റൗ നന്നാക്കാൻ ഒരു കടയിൽ കൊണ്ടുചെന്നു. ശരിയാക്കുന്നതിനിടെ മലയാളിയായ കടയുടമ കൈയിൽ കിടക്കുന്ന വാച്ചിലേക്കുനോക്കി പറഞ്ഞു. നല്ല സിറ്റിസണ് വാച്ചാണല്ലോ; എത്ര രൂപയായി.
വിലയറിയില്ല. എന്റെ ശിഷ്യനായ ഒരു ഗായകൻ തന്നതാണ്. ഏതു ഗായകനെന്ന ചോദ്യത്തിന്, ഭാവഗായകൻ പി. ജയചന്ദ്രനാണെന്നു പറഞ്ഞപ്പോൾ കടക്കാരന്റെ കണ്ണുകളിലൊരു തിളക്കം. അറിയാതെ അയാൾ എതിർവശത്തെ കാസറ്റുകടയിലേക്കു ചൂണ്ടി. അവിടെയതാ ജയചന്ദ്രന്റെ മനോഹരമായ ഒരു കട്ടൗട്ടിരിക്കുന്നു. ശിഷ്യനോടുള്ള ആദരവിന്റെ സൂചകമായി പെട്ടെന്നു സ്റ്റൗ നന്നാക്കികിട്ടിയെന്നുമാത്രമല്ല, ഞാനെത്ര നിർബന്ധിച്ചിട്ടും അയാൾ പൈസ വാങ്ങിയതുമില്ല.
അധ്യാപകദിനത്തിലെ ഗുരുദക്ഷിണ
2018 ലെ അധ്യാപകദിനത്തിൽ കുട്ടനെനിക്കൊരു അപൂർവസമ്മാനം നൽകി. ‘പൊന്നും തേനും ചേർത്തെന്റെ’ എന്നു തുടങ്ങുന്ന മനോഹരഗാനം. ഇതിന് ഈണം നൽകിയതാകട്ടെ കുട്ടന്റെ മകൾ ലക്ഷ്മിയും. ഗുരുഭക്തി പ്രമേയമാക്കിയുള്ള ഗാനത്തിന്റെ രചന ബി. ഹരിനാരായണനായിരുന്നു. ഗാനത്തിന്റെ പേരോ ‘ഗുരു’. വെറുതെ കസേരയിലിരുന്നാൽ മതി. അഭിനയിക്കൊന്നും വേണ്ട എന്നാണ് കുട്ടൻ എന്നോടു പറഞ്ഞത്. ഞാൻ ഇരുന്നുകൊടുത്തു. സംഗീത സംവിധായകൻ ബിജിബാലിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യാവിഷ്കാരം.
എന്തായാലും എന്റെ കണ്ണുനിറഞ്ഞു.’’ മാഷുടെ വാക്കുകൾ മുറിഞ്ഞു. വെള്ളിമേഘങ്ങൾക്കിടയിലേക്കു മറഞ്ഞു... ഇന്നു പൊതുദർശനത്തിനായി ജയൻകുട്ടന്റെ ചേതനയറ്റ ശരീരം നാഷണൽ സ്കൂളിലെത്തുന്പോൾ പഴയ തലമുറയിലെ പലരുടെയും മനസിൽ ഓർമകളുടെ കടലിരന്പും. അധരങ്ങളിൽ രാമനാഥൻമാഷും ഇന്നസെന്റും മോഹനും അന്നത്തെ അധ്യാപകരുമെല്ലാം നിറയും.