‘പൊടിമീശ’ പാടിച്ചതു നെഞ്ചിടിപ്പോടെ
ഋഷി
Saturday, January 11, 2025 10:32 AM IST
സന്തോഷ് വർമയെഴുതിയ ‘പൊടിമീശ മുളയ്ക്കണ പ്രായം’ എന്ന പാട്ടുപാടിക്കാൻ നെഞ്ചിടിപ്പോടെയാണു സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ ജയചന്ദ്രന്റെയടുത്ത് എത്തിയത്. പാട്ടിന് ഈണമിട്ടു ട്രാക്ക് പാടിച്ചു. പിന്നെയാണു സംഗീതസംവിധാനരംഗത്തെ ‘പൊടിമീശക്കാരൻ’ ജയചന്ദ്രനെന്ന കൊന്പൻമീശക്കാരനെ കാണാനെത്തുന്നത്.
ബാക്കി കഥ ആനന്ദ് പറയും: എന്റെ കരിയറിൽ ഹിറ്റ് പാട്ട് അത്യാവശ്യമായിരുന്ന സമയമായിരുന്നു അത്. വെറുതെയൊരു പാട്ടിനപ്പുറം ആളുകൾ ഏറ്റെടുക്കണമെന്ന ബോധ്യമുണ്ടായിരുന്ന സമയത്താണു കംപോസ് ചെയ്തത്.
പാട്ട് ജയേട്ടൻതന്നെ പാടണമെന്ന വല്ലാത്ത മോഹം. അതിമോഹമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. ജയേട്ടൻ സംഗീതലോകത്തെ കുലപതിയാണ്. ഞാൻ സബ്ജൂണിയറിൽ ജൂണിയർ ആയിട്ടുള്ളയാൾ. അദ്ദേഹം പെട്ടെന്നു ക്ഷോഭിക്കുന്നയാളാണെന്നും കേട്ടിരുന്നു. സന്തോഷേട്ടനാണു ധൈര്യംതന്നത്.
ജയചന്ദ്രൻസാറിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. “ആ ശരി നോക്കാം, ആവാം’’ എന്നീ ചെറിയ വാക്കുകളിൽ മറുപടി. ഫോണ് സന്തോഷേട്ടനു കൊടുത്തു. “എറണാകുളത്തു കാണാം’’ എന്നു വീണ്ടും മറുപടി.
കാണാൻ ചെല്ലുന്പോൾ ആൾ നല്ല ദേഷ്യത്തിലാണ്. ചെന്നൈയിൽനിന്ന് എറണാകുളത്ത് എത്തിയപ്പോൾ പ്രൊഡക്ഷൻ കണ്ട്രോളർ എത്താതിരുന്നതിന്റെ ചൂടായിരുന്നു അത്. അപ്പോഴാണു സന്തോഷേട്ടൻ “ഇതാണു സംഗീത സംവിധായകൻ” എന്നുപറഞ്ഞ് എന്നെ അദ്ദേഹത്തിനു മുന്നിലേക്കു നീക്കിനിർത്തിയത്. “ആ ശരി’’യെന്ന് ഒറ്റ ഉത്തരം.
“ചെറിയ പാട്ടാണ്’’, ഞാൻ പറഞ്ഞു. അപ്പോൾ ചെറുവിരൽ ഉയർത്തി, “എത്ര വലിപ്പം വരും’’എന്നായി സാറിന്റെ മറുചോദ്യം! റിക്കാർഡിംഗ് സ്റ്റുഡിയോയിലേക്കു പോകുന്പോൾ പുതിയ സംഗീതസംവിധായകർ ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നെല്ലാം ഉപദേശിച്ചു. സ്റ്റുഡിയോയിൽ എത്തുംവരെ വർത്തമാനം തുടർന്നു. അപ്പോൾ പാട്ടൊന്നു കേട്ടുനോക്കാം എന്നു സന്തോഷേട്ടൻ പറഞ്ഞു. ട്രാക്ക് തീർന്നയുടൻ എന്റെ മുഖത്തുനോക്കി പറഞ്ഞു, “കൊള്ളാം, കുഴപ്പമില്ല. എനിക്ക് അടുത്തവർഷം ചിലപ്പോൾ ഒരു ഹിറ്റൊക്കെ കിട്ടും അല്ലേടോ...’’.
ഉച്ചയായതിനാൽ ഊണു കഴിച്ചിട്ടു പാടാം എന്നുപറഞ്ഞെങ്കിലും പാട്ടു പാടിയിട്ടു മതി ഊണെന്നു സാർ പറഞ്ഞു. ഊണ് ബിടിഎച്ചിൽനിന്നു വാങ്ങിവച്ചോളാനും പറഞ്ഞു, നേരേ സ്റ്റുഡിയോയിലേക്കു കയറി. ഒറ്റയടിക്കു പല്ലവിയും പിന്നെ അനുപല്ലവിയും പാടിത്തീർത്തു. ശരിക്കും അദ്ഭുതപ്പെട്ടുപോയി. ട്രാക്കുപാടിയതിനെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം പാട്ടിനെ ഉയർത്തിയത്. പുറത്തുവന്നശേഷം “എന്താടോ, മതിയോ’’ എന്നൊരു ചോദ്യം.
ഒന്നുരണ്ടു കാര്യങ്ങൾ കിട്ടിയാൽ കൊള്ളാമെന്നു ഞാൻ പറഞ്ഞു. “താൻ കൊള്ളാം, തനിക്കീ പണിപറ്റും’’എന്നു പറഞ്ഞു വീണ്ടും റിക്കാർഡിംഗിനു കയറി. ഞാൻ ആവശ്യപ്പെട്ടതുകൂടി പാടിത്തന്നശേഷം മൂന്നരയോടെയാണ് ഊണു കഴിച്ചത്. ഞാൻ ജന്മംകൊണ്ട് ഇരിങ്ങാലക്കുടക്കാരനാണെന്നു പറഞ്ഞതോടെ സ്നേഹംകൂടി.
‘പൊടിമീശ’ പാട്ടിന് ഒന്നുരണ്ട് അവാർഡൊക്കെ കിട്ടി. അപ്പോഴൊക്കെ അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം തിരക്കിലാകുമെന്നു വിചാരിച്ച് ഞാൻ വിളിക്കാറില്ല. പക്ഷേ, അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിളി. “ആ...ഡോ.. എനിക്ക് തന്റെ പാട്ടിന് ഒരു അവാർഡ് കിട്ടിയിട്ടുണ്ട്..
ആദ്യമായിട്ടാ എനിക്ക് ഒരു പുതിയ സംഗീതസംവിധായകന്റെ പാട്ടിന് അവാർഡ് കിട്ടുന്നത്...’’ എന്നായിരുന്നു അന്നു പറഞ്ഞത്. പിന്നീടു ഞാൻ വിളിക്കാതിരിക്കുന്പോഴൊക്കെ എന്നെ വിളിക്കാറുണ്ട്. അതിന്റെ പരിഭവവും പറയും. ഹരിനാരായണനും റഫീഖ് അഹമ്മദുമൊക്കെ പറയാറുണ്ട്, എന്നെ ജയേട്ടനു വലിയ കാര്യമാണെന്ന്. എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരവും അതുതന്നെ.