അല്ലു അർജുനോട് അത്രമേൽ ഇഷ്ടം; വേദനയായി ശ്രീതേജിന്റെ "പുഷ്പ' ഡാൻസ്, വീഡിയോ
Thursday, December 19, 2024 12:13 PM IST
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ശ്രീതേജിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. നടൻ അല്ലു അർജുന്റെ കടുത്ത ആരാധകനായ ശ്രീതേജ് പുഷ്പയിലെ ഫയർ ആക്ഷൻ ഡാൻസ് കളിക്കുന്ന വീഡിയോയാണ് വൈറൽ.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്.
കുട്ടിയുടെ അമ്മ രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. പുഷ്പ സിനിമയോടുള്ള ശ്രീതേജിന്റെ കടുത്ത ആരാധന കാരണമാണ് റിലീസ് ദിവസം തന്നെ കുടുംബം ഒന്നിച്ച് സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോ കാണാനെത്തിയത്. മാതാപിതാക്കളായ ഭാസ്ക്കറിനും രേവതിക്കും പുറമെ സഹോദരി ഏഴു വയസുകാരി സാന്‍വികയും അന്ന് ശ്രീതേജിനൊപ്പം തിയറ്ററിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടു രേവതി മരിച്ചത്.
പുഷ്പ സിനിമയോടുള്ള ആരാധന കാരണം തേജിനെ കൂട്ടുകാര്‍ ‘പുഷ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസം മൂലം ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്.