ആരോഗ്യപ്രശ്നങ്ങളുണ്ട്; അതിനാൽ നീണ്ട ഇടവേളയാണ് എടുക്കുന്നത്, വിരമിക്കുകയല്ല: വിക്രാന്ത് മാസി
Wednesday, December 4, 2024 9:02 AM IST
അഭിനയത്തിൽ നിന്നും പൂർണമായി വിരമിക്കുകയല്ലെന്നും തന്റെ വാക്കുകൾ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നും വ്യക്തമാക്കി നടൻ വിക്രാന്ത് മാസി. ആരോഗ്യനില അൽപം മോശമാണെന്നും അതിനാൽ ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.
‘‘എനിക്ക് ചെയ്യാൻ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തകർന്നു. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെക്രാഫ്റ്റ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോൾ ഒരു ഏകാന്തത അനുഭവപ്പെടുന്നു.
എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഞാൻ അഭിനയം നിർത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയിൽ. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കുറച്ച് സമയമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോൾ ഞാൻ മടങ്ങിവരും.’’ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിക്രാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ കരിയറിൽ നിന്നും വിരമിക്കുകയാണെന്ന് 37കാരാനായ വിക്രാന്ത് മാസി പ്രഖ്യാപിച്ചത്. കരിയറിലെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തി എന്ന് നടന്റെ സഹപ്രവർത്തകരിൽ പലരും ആശ്ചര്യപ്പെട്ടിരുന്നു. അതേസമയം, നടൻ ഹർഷവർദ്ധൻ റാണെ ഇതിനെ പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് വിശേഷിപ്പിച്ചത്.
ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് നടൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി.
പിന്നീട് രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. മിർസാപൂർ പരമ്പരയിലെ ബബ്ലു പണ്ഡിറ്റിന്റെ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.