പലരും പരിഹസിച്ചു, തകര്‍ന്നുപോയി; അനന്യ പാണ്ഡെ പറയുന്നു
Tuesday, December 3, 2024 3:50 PM IST
ട്രോളുകളില്‍ തകര്‍ന്ന താന്‍ തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് നടി അനന്യ പാണ്ഡെ. കടുത്ത സൈബര്‍ ആക്രമണങ്ങളും പരിഹാസങ്ങളും തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞിരുന്നു. ആരെങ്കിലും നോക്കിയാല്‍ പോലും പൊട്ടിക്കരയുമായിരുന്നു. സെറ്റുകളില്‍ പോകാനുള്ള മാനസികാവസ്ഥ പോലുമില്ലാത്ത നിലയിലുമായിരുന്നു ഒരിക്കല്‍ താനെന്നുമാണ് അനന്യ തുറന്നു പറഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്റെ ഉറക്കം കളഞ്ഞിരുന്നു. തെറാപ്പിയിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ആളുകള്‍ മോശമായി എഴുതുന്നത് വായിക്കുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ ഓരോന്നും വായിച്ചു പോകുമ്പോള്‍ ഇത് മനസമാധാനം കളയാന്‍ പര്യാപ്തമായതാണെന്ന ചിന്ത ഉണ്ടായിരുന്നില്ല. കമന്റുകള്‍ വായിച്ച്, അതു വിട്ടുകളയുകയായിരുന്നു. പക്ഷേ മനസിനുള്ളില്‍ എവിടെയോ അത് പറ്റിയിരിക്കുകയുകയും പിന്നീടൊരവസരത്തില്‍ കടുത്ത നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിടുകയുമായിരുന്നു.
തെറാപ്പി ആരംഭിച്ചതോടെ വികാരങ്ങളെ നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും പഠിച്ചു.
അഭിനയം ആരംഭിച്ച സമയത്ത് ആരോ വ്യാജ ഐഡിയുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ അവാസ്തവമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു. ഒപ്പം പഠിച്ചതാണെന്ന് അവകാശപ്പെട്ടാണ് അപവാദം പ്രചരിപ്പിച്ചത്. ആദ്യം ഞാനോര്‍ത്തത് ഇതൊന്നും ആരും വിശ്വസിക്കില്ല എന്നാണ്.
പക്ഷേ ആളുകള്‍ അതൊക്കെ വിശ്വസിച്ചു. ചിലപ്പോഴൊക്കെ എനിക്ക് ഈ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് ഓടിക്കളയാന്‍ തോന്നിയിരുന്നു.
കൂനിയെന്നും, പരന്ന മാറിടമുള്ളവളെന്നും, കോഴിക്കാല് പോലെയാണെന്നും കരടിയെ പോലെ രോമം നിറഞ്ഞതാണ് എന്നുമെല്ലാം സ്കൂളില്‍ പഠിക്കുമ്പോള്‍ ആളുകള്‍ എന്നെ പരിഹസിച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് സോഷ്യല്‍ മീഡിയക്കാലത്ത് നടക്കുന്നത്- അനന്യ പാണ്ഡെ വ്യക്തമാക്കി.