ആവേശത്തിന്റെ സെക്കൻഡ് ഹാഫ് ലാഗാണെന്ന് പറഞ്ഞതിന് കേൾക്കാത്ത തെറിയില്ല; ധ്യാൻ ശ്രീനിവാസൻ
Tuesday, December 3, 2024 8:46 AM IST
ആവേശം സിനിമയുടെ സെക്കൻഡ് ഹാഫ് ലാഗാണെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. വിഷു റിലീസായി ധ്യാൻ ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിനൊപ്പമാണ് ആവേശവും ഇറങ്ങിയത്.
ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞ് സംസാരിക്കവേ തമാശരൂപേണ ധ്യാൻ ആവേശം ലാഗ് ആണെന്ന് പറഞ്ഞത് ആരാധകരെ ചെറുതൊന്നുമല്ല അനിഷ്ടരാക്കിയത്. ഇതിന് ശേഷം ധ്യാനിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി വിമർശനങ്ങളുയർന്നിരുന്നു.
ഈ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസനിപ്പോൾ. അമ്മ സംഘടനയുടെ പ്രത്യേക ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. ഫഹദ് ഫാസിൽ, ബാബു രാജ് എന്നിവരും ധ്യാനിനൊപ്പം ചാറ്റ് ഷോയിൽ ഉണ്ടായിരുന്നു.
ആവേശം തിയേറ്ററിൽ വലിയ വിജയം നേടുന്നതിനുള്ള എല്ലാ ചേരുവകളും നിറഞ്ഞ സിനിമയാണെന്ന് അദ്യം തന്നെ മനസിലായിരുന്നു. എന്നാൽ, വർഷങ്ങൾക്കു ശേഷം പതിഞ്ഞ രീതിയിൽ പോകുന്ന സിനിമയാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി തുടങ്ങിയവർ പ്രമോഷന്റെ ഭാഗമാകില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ബേസിൽ ജോസഫിനൊപ്പം അഭിമുഖങ്ങളിൽ തമാശകൾ പറഞ്ഞ് സിനിമയുടെ ഹൈപ്പ് കൂട്ടിയതെന്നാണ് ധ്യാൻ പറയുന്നത്.
സിനിമ റിലീസായതിന് ശേഷം എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതിയ സമയത്താണ് ഒരാൾ വന്ന് ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. ആവേശം പക്കാ കൊമേഴ്സ്യൽ സിനിമയാണെന്ന് അറിയാമായിരുന്നിട്ടും സെക്കൻഡ് ഹാഫ് ലാഗാണെന്ന് വെറുതെ തട്ടിവിട്ടു.
അങ്ങനെയൊക്കെ എന്തിനാണ് പറയാൻ പോയതെന്നാണ് ഏട്ടൻ ചോദിച്ചത്. എന്റെ റിവ്യൂ ആരും സീരിയസായിട്ട് എടുക്കില്ലെന്ന് അറിയാമായിരുന്നു. എങ്കിലും അതിന്റെ പേരിൽ കേൾക്കാത്ത തെറിയൊന്നുമില്ലെന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.