സംവിധായകൻ ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്തത്: നയൻതാര
Monday, December 2, 2024 1:03 PM IST
ഇരുപത് വർഷത്തെ സിനിമാ ജീവിതം ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് സംഭവബഹുലമായ ഉയർച്ചകളും താഴ്ചകളും നിറഞ്ഞ ഒരു യാത്രയ്ക്ക് സമാനമായിരുന്നു. ഒരുപക്ഷെ അത്തരം കയറ്റിറങ്ങൾ കഴിഞ്ഞ് വന്നതുകൊണ്ട് കൂടിയാകും പുരുഷന്മാർ കൈയടക്കിവച്ചിരുന്ന സൂപ്പർ സ്റ്റാർ പദവി നേടാനും നായക നടന്മാർക്കൊപ്പം സിംഹാസനം വലിച്ചിട്ട് ഇരിക്കാനും നയൻതാരയ്ക്ക് സാധിച്ചത്.
ഡയാനയിൽനിന്നും ലേഡി സൂപ്പർസ്റ്റാർ നയൻതാരയിലേക്കുള്ള യാത്രയ്ക്കിടയിൽ സ്വഭാവത്തിലും ജീവിതരീതിയിലും മാത്രമല്ല നയൻതാരയുടെ രൂപത്തിൽതന്നെയും വലിയ മാറ്റങ്ങൾ വന്നു.
തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയ സമയത്ത് ശരീര ഭാരമധികമുള്ള പെൺകുട്ടിയായിരുന്നു നയൻസ്. അതുകൊണ്ട് തന്നെ ബോഡി ഷെയ്മിംഗ് അനുഭവിച്ചിട്ടുണ്ട് നടി. ഇപ്പോഴിതാ നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നേരിട്ട പരിഹാസങ്ങളെയും ആക്ഷേപങ്ങളെയും കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നു.
ക്രൂരമായ രീതിയിലാണ് അക്കാലത്ത് പരിഹാസവും ട്രോളുകളും ഞാൻ നേരിട്ടത്. ഞാൻ ഏറ്റവും തകർന്നുപോയത് ഗജിനിയുടെ സമയത്താണ്. ആ ദിവസങ്ങളിൽ ഞാൻ സമൂഹമാധ്യമങ്ങളിൽ കമന്റുകളൊക്കെ കാണാറുണ്ടായിരുന്നു. ഇവരെന്തിനാണ് അഭിനയിക്കുന്നത്? ഇവർ എന്തിനാണ് സിനിമയിൽ തുടരുന്നത്? ഇവർ ഒരുപാട് വണ്ണം വച്ചല്ലോ? തുടങ്ങിയ രീതിയിലായിരുന്നു കമന്റുകൾ.
എന്റെ പ്രകടനത്തെപ്പറ്റി പറയുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല. പക്ഷെ ഒരാളുടെ ശരീരത്തെപ്പറ്റി ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. ഒരുപക്ഷെ അതിൽ ചെയ്തത് മോശമായിരിക്കാം. എന്നാൽ എന്റെ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്തത്. അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാൻ ആ സിനിമയിൽ ധരിച്ചത്. ഞാനൊരു പുതുമുഖമല്ലേ? തിരിച്ചൊന്നും പറയാനാകില്ലല്ലോ.
ഞാൻ എപ്പോഴും തനിച്ചായിരുന്നു. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാൾ പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ, സാരമില്ലെന്ന് പറഞ്ഞില്ല. എങ്കിലും ഓരോ ദിവസം കഴിയുന്തോറും ഞാൻ സ്ട്രോംഗായി മാറിക്കൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന പോംവഴി. എനിക്ക് വേറെ വഴിയില്ലായിരുന്നു. എല്ലാവരും കരുതിയിരുന്നത് എനിക്ക് ആകെ ചേരുന്നത് പാവാടയും ദാവണിയും സാരിയും മാത്രമാണ് എന്നാണ്. അല്ലാത്ത വസ്ത്രങ്ങളും ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ബില്ലയിലെ റോൾ എനിക്ക് നന്നായി ചേരുമെന്ന് വിഷ്ണുവർധൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, അതെ ഞാൻ ആ വേഷത്തിൽ നന്നായിരിക്കുമെന്ന്. പിന്നീട് ചർച്ചകൾ മുഴുവനും ഞാൻ ചെയ്ത ബിക്കിനി സീനിനെ ചുറ്റിപ്പറ്റിയായിരുന്നു.
ഞാൻ അത് ചെയ്തത് എല്ലാവർക്കും പ്രശ്നമായിരുന്നു. പക്ഷെ ഞാൻ ആലോചിച്ചത് അങ്ങനെയൊക്കെ അല്ലേ മാറ്റം സംഭവിക്കേണ്ടത് എന്നാണ്. ആ വേഷം ഇട്ടു ചെയ്യാൻ കാരണം അതാണ് സീനിലെന്ന് സംവിധായകൻ പറഞ്ഞതുകൊണ്ടാണ്. അല്ലാതെ ആരോടും ഒന്നും തെളിയിക്കാൻ അല്ല- നയൻതാര പറഞ്ഞു.