അനശ്വര രാജന്റെ നായകനായി സജിന്‍ ഗോപു; പൈങ്കിളി വരുന്നു
Monday, December 2, 2024 11:20 AM IST
അനശ്വര രാജനും സജിന്‍ ഗോപുവും പ്രധാന വേഷത്തിലെത്തുന്ന പൈങ്കിളിയുടെ പോസ്റ്റർ പുറത്തിറക്കി. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്റന്‍സ് ഡേ റിലീസായാണ് ചിത്രം എത്തുക. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചത്.
പ്രണയം പൈങ്കിളിയാണെന്നു പറയുമ്പോഴും ആ പൈങ്കിളിക്കൊരു പ്രണയമുണ്ടെന്ന് മറക്കരുതേ സുഹൃത്തേ..എന്ന അടിക്കുറിപ്പിലാണ് റിലീസ് തിയതി പങ്കുവച്ചത്.
ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രമായി ശ്രദ്ധേയനായ നടനാണ് സജിൻ ഗോപു. ചുരുളി, ജാൻ എ മൻ, രോമാഞ്ചം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സജിൻ ആദ്യമായാണ് നായകനാവുന്നത്.
ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശേരി, റിയാസ് ഖാൻ, അശ്വതി ബി., അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അര്‍ബന്‍ അനിമല്‍ എന്നീ ബാനറുകളില്‍ ഫഹദ് ഫാസിലും ജിത്തു മാധവനും ചേര്‍ന്നാണ് നിര്‍മാണം. ജിത്തു മാധവന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അര്ജുന് സേതു ആണ്. ജസ്റ്റിന് വര്‍ഗീസാണ് സംഗീതം. കിരണ്‍ ദാസം എഡിറ്റിംഗ് നിര്‍വഹിക്കുന്നു.