സിനിമ ഉപേക്ഷിക്കുന്നു; 37-ാം വയസിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത് ഫെയ്ൽ’ നായകൻ
Monday, December 2, 2024 9:44 AM IST
ട്വൽത് ഫെയില്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നാകെ ഹൃദയം കവര്‍ന്ന നടൻ വിക്രാന്ത് മാസി അഭിനയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്പോഴാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്റെ നിർണായക തീരുമാനം.
ട്വൽത് ഫെയ്ൽ, സെക്ടർ 36 തുടങ്ങിയ സിനിമകളിൽ ഗംഭീര പ്രകടനം കൊണ്ട് ഞെട്ടിച്ച താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്.
‘"കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും.
അതിനാൽ, 2025-ൽ നമ്മള് പരസ്പരം അവസാനമായി കാണും. അവസാന രണ്ടുസിനിമകളും ഒരുപാട് വർഷത്തെ ഓർമകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു.’’ വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടൻ ഇപ്പോൾ കടന്നുപോകുന്നത്. ട്വൽത്ത് ഫെയ്ൽ, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടർ 36, ഈ അടുത്ത് റിലീസ് ചെയ്ത സബർമതി എക്സ്പ്രസ് എന്നീ സിനിമകൾ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങൾ കൊണ്ടും അഭിനയത്തിലെ പൂർണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ് മാത്രമാണ് പ്രായം.
ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് നടൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി.
പിന്നീട് രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. മിർസാപൂർ പരമ്പരയിലെ ബബ്ലു പണ്ഡിറ്റിന്റെ വേഷം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.