കാത്തിരിപ്പിന് വിരാമം; എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചു
Sunday, December 1, 2024 7:42 AM IST
പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 27 ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് മോഹൻലാലും പൃഥ്വിരാജും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
"എട്ട് സംസ്ഥാനങ്ങളിലൂടെയും നാല് രാജ്യങ്ങളിലൂടെയുമുള്ള 14 മാസത്തെ അവിശ്വസനീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ ക്രിയാത്മകത ഓരോ ഫ്രെയിമിലുമുണ്ട്. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി.
ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആന്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുബാസ്കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയ്ക്ക് ജീവൻ നൽകിയ അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.
ഒരു കലാകാരൻ എന്ന നിലയിലുള്ള എന്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ സൂക്ഷിക്കും. പ്രേക്ഷകർക്ക്, നിങ്ങളുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്'.-മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
"ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തീയറ്ററുകളിൽ കാണാം'- പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.