മലയാളത്തിന്റെ "പൊന്നമ്മ' ഇനി ഓർമ...
Friday, September 20, 2024 7:47 PM IST
വാത്സല്യം തുളുമ്പുന്ന, പരിഭവം കാട്ടുന്ന, ചെറു തല്ലുകൾ തന്നു ശാസിക്കുന്ന ഒരു അമ്മ. മലയാള സിനിമയിലെ അമ്മ വേഷങ്ങളെ ഇത്രയധികം തന്മയത്വത്തോടെ അവതരിപ്പിച്ച ചുരുക്കം ചിലരിൽ ഒരാൾ. കവിയൂർ പൊന്നമ്മ ഓർമയാകുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് അത്തരം അഭിനയധാരകളാണ്.
മുൻ നിര നായകന്മാർക്കൊപ്പം ഇക്കലായളവിൽ പൊന്നമ്മ അഭിനയിച്ചു പാകപ്പെടുത്തിയ വേഷങ്ങൾ അത്രയധികം. വീട്ടിലെ ഒരു അംഗത്തെപോലെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് കവിയൂർ പൊന്നമ്മ.
നിരവധി സിനിമകളിൽ അഭിനയിച്ച പൊന്നമ്മ ഗായികയായാണ് കലാജീവിതം ആരംഭിച്ചത്. പാട്ടുകാരിയാകണം എന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12-ാം വയസിൽ ദേവരാജൻ മാസ്റ്ററിലൂടെ ആ ആഗ്രഹം പൊന്നമ്മയെ തേടിയെത്തി. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിൽ ആദ്യമായി പാടി.
പിന്നീട് അതേ നാടകത്തിൽ അഭിനയിക്കാൻ ആളില്ലാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്തിൽ നായികയായി. പിന്നീട് കെപിഎസിയുടെ നാടകങ്ങളിൽ പൊന്നമ്മ ഒഴിച്ചുനിർത്താനാകാത്ത സാന്നിധ്യമായി മാറി. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യ സിനിമയിൽ വേഷമിട്ടത്.
1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിച്ചത്. 1964ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ് പൊന്നമ്മ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് കവിയൂർ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അവർക്ക് അമ്മവേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്.
സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സ്നേഹവും വാത്സല്യവും നിറഞ്ഞ അമ്മ വേഷങ്ങളായിരുന്നു കവിയൂർപൊന്നമ്മ അഭിനയിച്ചതിൽ ഭൂരിപക്ഷവും.
പിന്നീട് അവിടുന്ന് മലയാളിയുടെ അമ്മയുടെ മുഖംതന്നെയായിമാറി കവിയൂർ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായികകൂടിയാണ് കവിയൂർ പൊന്നമ്മ.
വെച്ചൂർ എസ്. സുബ്രഹ്മണ്യയ്യർ, എൽ.പി.ആർ വർമ്മ എന്നിവരുടെ കീഴിൽ നിന്ന് സംഗീതം അഭ്യസിച്ചു. ഡോക്ടർ എന്ന നാടകത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി പാടിയത്.
തീർത്ഥയാത്ര എന്ന സിനിമയിലെ അംബികേ ജഗദംബികേ എന്ന ഭക്തി ഗാനമാണ് കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമാഗാനം. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങൾ അവർപാടിയിട്ടുണ്ട്.
കവിയൂർ പൊന്നമ്മ ആദ്യമായി നായികയായ റോസി എന്നചിത്രത്തിന്റെ നിർമാതാവ് മണിസ്വാമിയെയായിരുന്നു അവർ വിവാഹം ചെയ്തത്. ഒരു മകളാണ് ഉള്ളത്.