മലയാള സിനിമയിലെ അമ്മമുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു
Friday, September 20, 2024 7:44 PM IST
നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു.
ഗായികയായി കലാജീവിതമാരംഭിച്ച പൊന്നമ്മ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിൽ എത്തുകയായിരുന്നു. പതിനാലാം വയസിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്.
നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രമാണ് അവസാനമായി കവിയൂർ പൊന്നമ്മ വേഷമിട്ട ചിത്രം. ഏക മകൾ ബിന്ദു യുഎസിലാണ്.
സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. കഴിഞ്ഞ ദിവസമാണ് പൊന്നമ്മയെ സന്ദർശിച്ചശേഷം മകൾ യുഎസിലേക്ക് മടങ്ങിയത്. പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി. ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു.
ശനിയാഴ്ച കളമശേരി മുനിസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.