അമേരിക്കയില്‍നിന്ന് തിരിച്ചെത്തി ജയസൂര്യ; നിയമപരമായി മുന്നോട്ട് പോകുമെന്നു നടന്
Friday, September 20, 2024 4:25 PM IST
ലൈംഗിക പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട നടന് ജയസൂര്യ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം കൊച്ചിയില്‍ തിരിച്ചെത്തി. എല്ലാം വഴിയേ മനസിലാകുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് നടന് പ്രതികരിച്ചത്. കൂടുതല്‍ പ്രതികരിക്കാനില്ല. കേസ് രണ്ടും കോടതിയില്‍ ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല.
എല്ലാം വഴിയെ മനസിലാകും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ ഉടന്‍ കാണും. എല്ലാം വഴിയേ അറിയാം. അഭിഭാഷകന് പറയുന്ന ദിവസം കാര്യങ്ങള്‍ വ്യക്തമാകുമെന്നും ജയസൂര്യ കൊച്ചിയില്‍ പ്രതികരിച്ചു.
തനിക്കുനേരേ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയാറെടുക്കുകയാണെന്നും നടന് നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.
നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന് ജയസൂര്യക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ആദ്യം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നായിരുന്നു പരാതി.
തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് തിരുവനന്തപുരം സ്വദേശിയായ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് രണ്ടാമതും പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.