ആരോഗ്യം വീണ്ടെടുത്ത് ഭാവഗായകൻ പി.ജയചന്ദ്രൻ; സംഗീതലോകത്തേയ്ക്ക് മടങ്ങിയെത്തി
Friday, September 20, 2024 3:13 PM IST
ആരോഗ്യം വീണ്ടെടുത്ത് മലയാളികൾക്കായി പുതിയ ഗാനം ആലപിക്കാൻ മൈക്കിനുമുന്നിലെത്തി ഭാവഗായകൻ പി. ജയചന്ദ്രൻ. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് അദ്ദേഹം മധുരശബ്ദത്തിൽ ആലപിച്ചത്. തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കാർഡിംഗ്.
ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും കാലം താൻ പാടുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
""എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെയെല്ലാം പ്രാർഥനയും കൊണ്ടാണ് ഞാൻ ഇപ്പോഴും തുടരുന്നത്. ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർഥിക്കാറുണ്ട്. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വയ്ക്കും.'' ജയചന്ദ്രൻ പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജയചന്ദ്രൻ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാൽ ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകള്‍ ഒന്നുമില്ലെന്ന് അന്നു കുടുംബം പ്രതികരിച്ചിരുന്നു.