വില്ലനായി മമ്മൂട്ടി; വിനായകനും പ്രധാനവേഷത്തിൽ, നിർമാണം മമ്മൂട്ടിക്കമ്പനി
Friday, September 20, 2024 12:35 PM IST
ആരാധകരെ ഞെട്ടിക്കാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിൽ വില്ലനായെത്തുന്നു എന്നാണ് ആവേശം കൊള്ളിക്കുന്ന വാർത്ത.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ മമ്മൂട്ടി എത്തുക. കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ. ജോസ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം നില്ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും.
കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ചിത്രത്തിന് കാമറ ചലിപ്പിക്കും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിൻ ശ്യാം ആകും സംഗീതം. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.