ഹെവി സസ്പെൻസ് ത്രില്ലര്, ആസിഫ് വിസ്മയിപ്പിക്കുന്നു: പ്രശംസിച്ച് എ.എ. റഹീം
Friday, September 20, 2024 11:04 AM IST
ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ അഭിനന്ദിച്ച് എ.എ. റഹീം എംപി. ഒരു തവണ കണ്ട ചിത്രം സസ്പെന്സിന്റെ കൊടുംഭാരമില്ലാതെ വീണ്ടും കാണണമെന്ന് റഹീം പറഞ്ഞു. ഋതു മുതൽ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷ വർധിക്കുകയാണെന്നും റഹീം പറഞ്ഞു.
കിഷ്കിന്ധാകാണ്ഡം ഒരിക്കൽ കൂടി കാണണം.സസ്പെൻസ് ഇല്ലാതെ, ഒരിക്കൽ കൂടി കാണുമ്പോഴാണ് സിനിമയുടെ കരുത്ത് കൂടുതൽ അനുഭവപ്പെടുക എന്നാണ് തോന്നുന്നത്. ഹെവി സസ്പെൻസ് ആണ് കിഷ്കിന്ധാകാണ്ഡത്തിന്റെ സവിശേഷതകളിൽ ഒന്ന്.
സസ്പെൻസിന്റെ കൊടും ഭാരം ഇല്ലാതെ, പിന്നെയും ഒരിക്കൽ കൂടി തിയറ്ററിൽ ഇരുന്നാൽ അജയ് ചന്ദ്രനും, അപ്പു പിള്ളയും ഓരോ സീനിലും ആദ്യത്തേതിൽ നിന്നും വ്യത്യസ്ത മാനമുള്ള മറ്റൊരു കഥപറയുന്നത് കാണാം. ശ്യാമപ്രസാദിന്റെ ഋതു മുതൽ ആസിഫിന്റെ ഏതാണ്ട് എല്ലാസിനിമകളും കണ്ടിട്ടുണ്ട്. ഒരോ സിനിമയിലും നിന്ന് ആസിഫ് കൂടുതൽ ലേൺ ചെയ്യുകയായിരുന്നു.
വരാനിരിക്കുന്ന ആസിഫിന്റെ മികച്ച വേഷങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷ വർധിപ്പിക്കുന്നതാണ് അയാളുടെ ഓരോ സിനിമയും. കിഷ്കിന്ധാകാണ്ഡത്തിലേതു ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
പക്ഷേ, ആസിഫിന്റെ ഏറ്റവും മികച്ചത് ഇതാകില്ല. അതിനിയും വരാനിരിക്കുന്നതേയുള്ളൂ. ആസിഫ്, അജയ് ചന്ദ്രനിൽ നിന്നും കൂടുതൽ ലേൺ ചെയ്ത് ഇതിനേക്കാൾ ശക്തമായ കഥാപാത്രത്തെ നമുക്ക് അടുത്ത സിനിമയിൽ തരും. കിഷ്കിന്ധയിലെ ചില രംഗങ്ങളിൽ ആസിഫ് നമ്മളെ വിസ്മയിപ്പിക്കും. സിനിമയുടെ സസ്പെൻസിലേയ്ക്ക് ഈ കുറിപ്പ് അതിക്രമിച്ചു കടക്കാതിരിക്കാൻ, ഇപ്പോഴും എന്റെ മനസിനെ പിന്തുടരുന്ന ആ രംഗങ്ങൾ ഇവിടെ എഴുതുന്നില്ല.
കിഷ്കിന്ധ ഒരിക്കൽ കൂടി കാണുമ്പോൾ ആ മുഹൂർത്തങ്ങൾ കൂടുതൽ ഹൃദയഹാരിയായിരിക്കും, മറ്റൊരു കഥയുമായിരിക്കും. കിഷ്കിന്ധയുടെ ശക്തമായ സ്ക്രിപ്റ്റിനെ കുറിച്ച് പരാമർശിക്കാതിരിക്കാനാകില്ല. ടിക്കറ്റ് കിട്ടാത്ത വിധം തിയറ്ററുകൾ നിറഞ്ഞു കവിയുന്നതിൽ സ്ക്രിപ്റ്റിനും മേക്കിംഗിനും നിർണായക റോൾ ഉണ്ട്.
കിഷ്കിന്ധ ഒരു ഫെസ്റ്റിവൽ മൂഡ് സിനിമയല്ല. ചിരിപ്പിക്കുന്ന, ഹരം കൊള്ളിക്കുന്ന ഒരു ഓണപ്പടം അല്ല. നമ്മളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, തിയറ്റർ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ.
എന്നിട്ടും ഈ ഓണക്കാലം കിഷ്കിന്ധ തൂക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അത് ആ പടത്തിന്റെ കരുത്തു കൊണ്ടാണ്, വ്യത്യസ്തത കൊണ്ടാണ്, അഭിനയ മുഹൂർത്തങ്ങൾ കൊണ്ടാണ്.
സിനിമയുടെ കരുത്ത് അതിന്റെ കാസ്റ്റിംഗ് കൂടിയാണ്. ആസിഫും, വിജയ് രാഘവനും, അപർണ ബാലമുരളിയും, ജഗദീഷും, അശോകനും മുതൽ ആസിഫിന്റെ മകനായി അഭിനയിച്ച കുട്ടി വരെ, എല്ലാ കഥാപാത്രങ്ങളുടെയും കൃത്യമായ കാസ്റ്റിംഗ് സിനിമയെ ശക്തമാക്കി.
അപ്പു പിള്ള മലയാള സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായി മാറി. വിജയരാഘവന്റെ വിരലുകൾ പോലും അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ അതിസങ്കീർണമായ മനോവ്യവഹാരങ്ങളെ വിജയരാഘവൻ എന്ന മഹാപ്രതിഭ അങ്ങേയറ്റം തന്മയത്വത്തോടെ ചെയ്തു.
വലിച്ചു നീട്ടലില്ലാതെ കഥപറഞ്ഞു എന്നതാണ് സിനിമയുടെ മറ്റൊരു ഭംഗി. സിനിമയുടെ പേരു തിരഞ്ഞെടുത്തത്തിൽ പോലും ബ്രില്യൻസ് കാണാൻ കഴിയും. മലയാളത്തിലെ ഹെവി സസ്പെൻസ് ത്രില്ലറുകളിൽ ഏറ്റവും മികച്ച ഒന്നാണ് കിഷ്കിന്ധാകാണ്ഡം. ഏറ്റവും കുറഞ്ഞത് രണ്ടു തവണ കാണേണ്ട സിനിമ.