പ്രണയം ഇന്നുമുതൽ തുടങ്ങുന്നു; കഥ ഇന്നുവരെ തിയറ്ററുകളിൽ
Friday, September 20, 2024 9:42 AM IST
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ ഇന്നു മുതൽ തിയറ്ററുകളിലെത്തും. മേതിൽ ദേവിക ബിജു മേനോന്റെ നായികയായെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക എന്ന വലിയ സന്തോഷം പോലും വേണ്ടെന്ന് വച്ച് സിനിമയിലേക്ക് ഒരിക്കലും വരില്ല എന്ന് പ്രഖ്യാപിച്ചിരുന്ന നർത്തകിയാണ് മേതിൽ ദേവിക.
പതിമൂന്നാം വയസ് മുതൽ നിരവധി പ്രതിഭാധനന്മാരായ സംവിധായകരുടെ ക്ഷണം നിരസിച്ച താരമാണ് ഇപ്പോൾ ഒരു ഇളമുറക്കാരനായ സംവിധായകന്റെ കഠിന പരിശ്രമത്തിനൊടുവിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. നാൽപത്തിയാറാം വയസിൽ ബിജു മേനോന്റെ നായികയായാണ് മേതിൽ ദേവികയുടെ അരങ്ങേറ്റം.
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമയിൽ സിദ്ദീഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നു.
ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് നിർമാണം. ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരുടെ ഇമാജിൻ സിനിമാസും നിർമാണ പങ്കാളികൾ ആണ്.
ഛായാഗ്രഹണം ജോമോൻ ടി. ജോൺ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം അശ്വിൻ ആര്യൻ. പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, മേക്ക് അപ്പ് സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ വിപിൻ കുമാർ, പിആർഓ എ.എസ്. ദിനേശ്.