‘രാക്ഷസൻ’ സിനിമയുടെ നിർമാതാവ് ദില്ലി ബാബു അന്തരിച്ചു
Tuesday, September 10, 2024 8:18 AM IST
പ്രശസ്ത തമിഴ് സിനിമ നിർമാതാവ് ജി. ദില്ലി ബാബു (50) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ആക്സസ് ഫിലിം ഫാക്ടറിയുടെ ഉടമയാണ്.
2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ. ഇതിൽ കൾവൻ അടുത്തിടെയാണ് തിയറ്ററുകളിലെത്തിയത്.
മിഡ് ബജറ്റ് പടങ്ങളിലൂടെ നിരവധി പുതു സംവിധായകര്‍ക്ക് അവസരം നല്കിയ നിർമാതാവാണ് വിടവാങ്ങിയത് എന്ന് നിര്‍മാതാവ് എസ്.ആര്. പ്രഭു എക്സ് പോസ്റ്റില്‍ കുറിച്ചു.
2018ല്‍ ഇറങ്ങിയ രാക്ഷസന് ആ വര്‍ഷത്തെ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ദില്ലി ബാബു നിര്‍മിച്ച ഏറ്റവും പണം വാരിപ്പടവും ഇതായിരുന്നു. പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.