ചെന്നൈയിൽ ദുൽഖറിനും കൊച്ചുമകൾ മറിയത്തിനുമൊപ്പം പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടി
Saturday, September 7, 2024 9:42 AM IST
മകനും പേരക്കുട്ടിക്കുമൊപ്പം 73-ാം പിറന്നാൾ ആഘോഷമാക്കി മമ്മൂട്ടി. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വസതിയിലായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാളാഘോഷം. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞാണ് താരം ചെന്നൈയിലേക്ക് എത്തിയത്.
ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ വൈറലാണ്. മറിയം മമ്മൂട്ടിയെ ചേർത്തുപിടിച്ചു ഉമ്മ നൽകുന്നതും ചിത്രങ്ങളിലുണ്ട്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്കൊപ്പമുണ്ട്.
കൊച്ചിയിലെ തന്റെ വീടിനു മുന്നിൽ പിറന്നാൾ ആശംസകൾ നൽകാനെത്തിയ ആരാധകരെയും താരം നിരാശനാക്കിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം മമ്മൂട്ടി പങ്കുവച്ചു.
പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും. ഏകദേശം ഇരുപത് ദിവസത്തോളം അവധി ആഘോഷിച്ചതിന് ശേഷമായിരിക്കും മമ്മൂട്ടിയുടെ മടക്കം.