സ്ഥിരം ഒരേ ആക്ഷനും റോളുകളും; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ പൊട്ടിത്തെറിച്ച് ജോൺ ഏബ്രാഹം
Saturday, August 3, 2024 1:44 PM IST
മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി നടൻ ജോൺ ഏബ്രാഹം. പുതിയ സിനിമയായ ‘വേദ’യുടെ ട്രെയിലർ ലോഞ്ചിലാണ് മാധ്യമപ്രവർത്തകന്റെ ഒരു ചോദ്യം താരത്തെ ചൊടിപ്പിച്ചത്. പതിവു ആക്ഷൻ സിനിമകളിൽ നിന്നൊരു മോചനമില്ലേ എന്നായിരുന്നു താരം നേരിട്ട ചോദ്യം. സിനിമയുടെ ട്രെയിലർ കണ്ട് തന്നെ ആരും വിലയിരുത്താൻ വരേണ്ടെന്നായിരുന്നു ജോണിന്റെ മറുപടി.
‘‘ട്രെയിലര്‍ ഗംഭീരമായിട്ടുണ്ട് സർ. പക്ഷേ ഇതെല്ലാം സർ മുമ്പ് ചെയ്ത് സിനിമകൾ പോലെ തന്നെയാണ്. ഒരേതരത്തിലുള്ള റോളുകളും ആക്ഷനിലുമാണ് പ്രാധാന്യം കൊടുക്കുന്നത്. എന്തെങ്കിലും പുതിയതായി കൊണ്ടുവരൂ.’’മാധ്യമ പ്രവർത്തകന്റെ ചോദ്യം ഇങ്ങനെ,
തന്റെ അനിഷ്ടം മറച്ചുവയ്ക്കാതെ രോഷത്തോടെയായിരുന്നു ഈ ചോദ്യത്തോടുള്ള ജോണിന്റെ പ്രതികരണം. ‘‘നിങ്ങള്‍ ഈ ചിത്രം കണ്ടോ ? വിഡ്ഢികളുടെ മോശം ചോദ്യം പോലെ തോന്നുന്നു. നിങ്ങള്‍ പറയുന്നതുപോലെയല്ല. ഇത് വ്യത്യസ്തമായ ചിത്രമാണ്. എന്നെ സംബന്ധിച്ച് തീവ്രതയുള്ള പ്രകടനമാണ് ഇതിലെ കഥാപാത്രത്തിനുവേണ്ടി ഞാന്‍ നല്‍കിയിട്ടുള്ളത്.
തീർച്ചയായും നിങ്ങള്‍ ചിത്രം കണ്ടിട്ടില്ല. ട്രെയിലർ മാത്രം കണ്ടിട്ടേ ഒള്ളൂ. ആദ്യം ചിത്രം കാണൂ. അതിനുശേഷം നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം. നിങ്ങള്‍ പറയുന്നതൊക്കെ കേൾക്കാം.’’ ജോണ്‍ പറഞ്ഞു.
നിഖിൽ അദ്വാനിയാണ് വേദ എന്ന ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷര്‍വാരിയാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് ഷര്‍വാരിയുടെ കഥാപാത്രം.