ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാതിരിക്കട്ടെ; ആസിഫ് അലിക്ക് വീണ്ടും കൈയടി
Saturday, August 3, 2024 10:43 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി നടൻ ആസിഫ് അലി. എന്നാൽ നൽകിയ തുകയെത്രയെന്ന് താരം വെളിപ്പെടുത്തിയില്ല. ഈ ഭാഗം മറച്ചാണ് സംഭാവനയുടെ രസീത് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എല്ലാവരും നൽകിയ തുക എത്രയാണെന്ന് വെളിപ്പെടുത്തുമ്പോൾ താരം അത് ചെയ്യാതിരുന്നത് കൈയടി അർഹിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
നിരവധിയാളുകളാണ് ആസിഫിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ആസിഫ് പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമീഗോ’ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് വയനാടിന് താങ്ങും തണലുമായി ആസിഫ് എത്തുന്നത്.