വയനാടിനെ വീണ്ടെടുക്കാൻ; മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35ലക്ഷം, മോഹൻലാൽ 25, ടൊവീനോ 25, മഞ്ജു വാര്യർ അഞ്ചു ലക്ഷം
Saturday, August 3, 2024 8:42 AM IST
നിനച്ചിരിക്കാതെ ഒരു നാടിനെ അതേപോലെ വിഴുങ്ങിയ മഹാവിപത്തിൽ വയനാട് ഒറ്റയ്ക്കല്ലെന്ന് തെളിയിക്കുകയാണ് മലയാളികളടക്കം മനുഷ്യത്വമുള്ളവരെല്ലാം. താങ്ങും തണലുമായി വയനാടിന്റെ വീണ്ടെടുപ്പിനായി നടൻ മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്ന് നൽകിയത് 35 ലക്ഷം രൂപ. ആദ്യഘട്ടം എന്ന നിലയിലാണ് ഈ തുക കൈമാറിയത്. സഹായധനം മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
വൈകാരികമായ കുറിപ്പിനൊപ്പമാണ് മോഹൻലാൽ തന്റെ സഹായഹസ്തം പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപയാണ് വയനാടിനായി താരം നൽകിയത്. ഇതിന് മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് നമ്മള് മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവീനോ തോമസ് 25 ലക്ഷം രൂപയാണ് സംഭാവന ചെയതത്. ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പത്തുലക്ഷം രൂപ, മഞ്ജു വാര്യർ അഞ്ചുലക്ഷം, ഗായിക റീമി ടോമി അഞ്ചുലക്ഷം, പേളി മാണി അഞ്ചു ലക്ഷം, നവ്യ നായർ ഒരു ലക്ഷം എന്നിങ്ങനെ നൽകി.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി.