മണിച്ചിത്രത്താഴ് റി-റിലീസ്; പ്രീമിയറിന് തമിഴകത്തു നിന്നും പ്രശംസാപ്രവാഹം
Wednesday, July 31, 2024 2:50 PM IST
ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയ പതിപ്പിന്റെ പ്രീമിയർ ഷോ ജൂലൈ 29-ന് ചെന്നൈയിൽ നടത്തിയിരുന്നു.
തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവർത്തകർ പ്രകടിപ്പിച്ചത്.
പ്രീമിയറിന് ശേഷം നടന്ന പ്രസ് മീറ്റിൽ നടി ശോഭന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. റീ റിലീസ് സമയത്തും തനിക്കൊരു ദുഖമുണ്ടെന്ന് ശോഭന പറയുന്നു. "ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും എനിക്ക് മനസിൽ സങ്കടമാണ്. എല്ലാവരും സന്തോഷത്തിലാണ്. സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷെ അതിൽ അഭിനയിച്ച പകുതി ആർട്ടിസ്റ്റും മരിച്ചു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളേജ് കാലം പോലെ. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളേജ് മേറ്റ്സും പ്രൊഫസർമാരും.
അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം തനിക്കുണ്ടെന്നും ശോഭന വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്ക് താൻ കണ്ടിട്ടില്ലെന്നും ശോഭന വ്യക്തമാക്കി. ഹിന്ദി റീമേക്ക് ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും ശോഭന പറഞ്ഞു.
ഓഗസ്റ്റ് പതിനേഴിനാണ് മണിച്ചിത്രത്താഴ് ഫോര് കെ പതിപ്പ് പ്രദർശനത്തിനെത്തുന്നത്. അന്നുതന്നെ തമിഴ്നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചൻ പറഞ്ഞു. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്. പിആർഒ വാഴൂർ ജോസ്.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.