മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ല: ശോഭന
Wednesday, July 31, 2024 1:42 PM IST
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശോഭന. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി.
31 വർഷങ്ങൾക്കുശേഷമാണ് ഇവർ ഈ സിനിമ റി-സ്റ്റോർ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. പലരും പറഞ്ഞിട്ടുണ്ട്, മാം ഞാൻ ഈ സിനിമ നൂറും അൻപതും തവണ കണ്ടിട്ടുണ്ടെന്ന്’. പക്ഷേ ഞാൻ ഈ സിനിമ മൂന്നാമത്തെ തവണയാണ് തിയറ്ററില്‍ കാണുന്നത്.
എനിക്ക് ഇത് അദ്ഭുതകരമായ അനുഭവമായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ജീനിയസ് ആയ ആളുകളാണ്. സംവിധായകൻ ഫാസില്‍ സാറിനെക്കുറിച്ച് പറയാതെ വയ്യ.
ഈ കാലഘട്ടത്തിലും ഈ സിനിമയ്ക്കൊരു പുതുമ കാണാം. അതാണ് ഫാസിൽ സാറിന്റെ പ്രത്യേകത. സിനിമയുടെ രണ്ടാം ഭാഗം വരണമെങ്കിൽ ഫാസില്‍ സർ തന്നെ ചിന്തിക്കണം. അതിനെക്കുറിച്ച് എനിക്കറിയില്ല.
ഈ സിനിമ പല ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ചന്ദ്രമുഖിയും സൗന്ദര്യ അഭിനയിച്ച കന്നഡ റീമേക്കും കാണാൻ സാധിച്ചിട്ടില്ല. എന്നാൽ ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിരുന്നു. പ്രിയദർശൻ സർ വളരെ മനോഹരമായി തന്നെ ആ സിനിമ എടുത്തിട്ടുണ്ട്. കാരണം പ്രിയദർശൻ സർ അന്ന് അസിസ്റ്റന്റ് ആയി മണിച്ചിത്രത്താഴിൽ ജോലി ചെയ്തിരുന്നു.
റീ റിലീസ് സമയത്തും എനിക്കൊരു ദുഃഖമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്, സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷേ ഇതിൽ അഭിനയിച്ച പകുതി അഭിനേതാക്കളും മരിച്ചു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളജ് കാലം പോലെയായിരുന്നു അന്നൊക്കെ സിനിമാ ജീവിതം. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളജ് മേറ്റ്സും പ്രഫസർമാരും.
അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം എനിക്കുണ്ട്. ശോഭന പറഞ്ഞു.