ഉരുൾപ്പൊട്ടലിന് ഇരയായി കാമറ അസിസ്റ്റന്റും: മരണവാർത്ത സ്ഥിരീകരിച്ച് ഫെഫ്ക
Wednesday, July 31, 2024 11:54 AM IST
വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ സഹപ്രവർത്തകനായ കാമറമാൻ മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ച് ഫെഫ്ക. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവാണ് മരണമടഞ്ഞത്.
സൂര്യ ഡിജിറ്റൽ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
‘‘ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം രക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്.
സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിൽ അണഞ്ഞുപോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെയും പ്രണാമം. ഫെഫ്ക പങ്കുവച്ച കുറിപ്പിൽ പറയുന്നു.