ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും: മോഹൻലാൽ പറയുന്നു
Tuesday, July 30, 2024 12:31 PM IST
ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം ദേവദൂതൻ സിനിമ വീണ്ടും തിയറ്ററുകളിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുമ്പോലെ തോന്നിയെന്നും എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങളെന്നും മോഹൻലാൽ കുറിച്ചു.
‘‘24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ, അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’’–മോഹൻലാൽ കുറിച്ചു.
ചിത്രത്തിന്റെ ഫോർ കെ വെർഷന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിബി മലയലിന്റെ സംവിധാനത്തിൽ 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതൻ. അന്ന് ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
വിശാല്‍ കൃഷ്ണമൂര്ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, മുരളി, ജനാര്ദനൻ, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്ണമൂര്‍ത്തി, ജോയ്സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി.
സിനിമയുടെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരി ആയിരുന്നു. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയില്‍. വിദ്യാ സാഗര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അന്നുമിന്നും ഹിറ്റാണ്.