ജാനുവാകാൻ ആദ്യം പരിഗണിച്ചത് മഞ്ജു വാര്യറെ; തീരുമാനം മാറ്റാൻ കാരണം...
Monday, July 29, 2024 2:54 PM IST
96 എന്ന ചിത്രത്തിൽ തൃഷയുടെ റോൾ ചെയ്യാൻ ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്നും എന്തോ കാരണത്താൽ സംവിധായകന് തന്നെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതുകൊണ്ട് അത് തൃഷയിലേയ്ക്ക് പോയതാണെന്നും വെളിപ്പെടുത്തി മഞ്ജു വാര്യർ. വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും തൃഷയ്ക്ക് പകരം മറ്റൊരാളെ ആ ചിത്രത്തിൽ സങ്കൽപ്പിക്കുവാൻ പോലുമാകില്ലെന്നും മഞ്ജു ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
96നു വേണ്ടിയുള്ള കോള്‍ എന്റെ അടുത്ത് എത്തിയിട്ടില്ല. അവര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുന്നെ വേറെ വഴിക്ക് പോയി. വിജയ് സേതുപതി സർ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ കാര്യം അറിയുന്നത്. ഒരു അവാര്‍ഡ് ഫംഗ്ഷനില്‍ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്.
ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സര് പറഞ്ഞു. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അവര്‍ക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല.
അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവര്‍ തൃഷയിലേക്ക് എത്തി. ഞാന്‍ വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ പ്രേമിന് (പ്രേം കുമാർ) മെസേജ് അയച്ചിരുന്നു.
‘‘നിങ്ങളോ എന്നെ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാൻ സമ്മതിച്ചില്ല. പക്ഷേ ഞാന്‍ ദാ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുകയാണ്’’ എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്പ്പിക്കാന് പറ്റില്ല.”–മഞ്ജു വാര്യർ പറഞ്ഞു.
സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജു വാരിയരുടേതായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.