ചെറിയ പരിക്കുണ്ട്, ഡ്രൈവർക്കെതിരേ കേസ് കൊടുത്തിട്ടില്ല; സംഗീത് പ്രതാപ്
Monday, July 29, 2024 9:56 AM IST
എല്ലാവരും സുരക്ഷിതരാണെന്നും ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായതെന്നും ഉടൻ ആശുപത്രി വിടുമെന്നും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ സംഗീത്. ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിലാണ് അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരിക്ക് പറ്റിയത്.
പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. അതിൽ സർവശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ 24 മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും.
എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്.
പൂർണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് രജിസ്റ്റർ ചെയ്തു എന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല. എത്രയും വേഗം ഷൂട്ടിംഗിലേക്ക് തിരിച്ചു പോകും. സംഗീത് പ്രതാപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൊച്ചി എംജി റോഡിൽ വച്ച് ഞായറാഴ്ച പുലര്ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുക ആയിരുന്നു. അതേസമയം, സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.