മണിച്ചിത്രത്താഴ് 4k ഡോൾബി അറ്റ്മോസിൽ എത്തുന്നു
Monday, July 29, 2024 9:31 AM IST
മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രം ആധുനിക സാങ്കേതികവിദ്യയായ 4k ഡോൾബി അറ്റ് മോമസിലൂടെ വീണ്ടും പ്രദർശനത്തിനെത്തുന്നു.
ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യമനസുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുന്ന ഒരു അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്. സ്വർഗ ഫിലിംസിന്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചനാണ് ഈ ചിത്രം നിർമിച്ചത്. സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് 4k ചിത്രം പുറത്തിറക്കുന്നത്.
മലയാള സിനിമയിൽ റെക്കാർഡ് വിജയം കരസ്ഥമാക്കിയ ഈ ചിത്രം ഹ്യൂമർ, ഹൊറർ ,ത്രില്ലർ ജോണറിലുള്ളതാണ്. പ്രേഷകർക്ക് ഏറെ ദൃശ്യാനുഭവം നൽകി രസിപ്പിച്ച ചിത്രം വീണ്ടും ആധുനിക സാങ്കേരികവിദ്യകളിലൂടെ എത്തുമ്പോൾ പ്രേഷകർക്ക് പുതിയൊരു കാഴ്ചപ്പാനുഭവം തന്നെ നൽകുമെന്നതിൽ സംശയമില്ല.
മോഹൻലാലും, സുരേഷ് ഗോപിയും, ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഇവരുടെ ഡോ.സണ്ണി ജോസഫ്, നകുലൻ, ഗംഗ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേഷകരുടെ മനസ്സിൽ എന്നും വേരോടി നിൽക്കുന്നതാണ്.
നെടുമുടി വേണു, തിലകൻ, ഇന്നസന്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു, കെ.ബി.ഗണേഷ് കുമാർ, കെപിഎസി. ലളിത, സുധിഷ്, തുടങ്ങിയ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.
മധു മുട്ടവും ഫാസിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം -ആനന്ദക്കുട്ടൻ. ഓഗസ്റ്റ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.