സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
Wednesday, April 24, 2024 9:41 AM IST
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട് മനസിൽ വയ്ക്കരുതെന്ന് ഫഹദ് ഫാസിൽ.
തിയറ്ററിൽ ഇരിക്കുന്പോൾ മാത്രം കഥാപാത്രത്തെക്കുറിച്ചോർക്കാമെന്നും ഒരിക്കലും തീൻമേശയ്ക്ക് ചുറ്റുമിരുന്ന് ഒരു നടനെപറ്റിയോ സിനിമയെപ്പറ്റിയോ സംസാരിക്കരുതെന്നും ഫഹദ് പറയുന്നു.
സിനിമ എന്നതിന് ഒരു പരിധി ഉണ്ടെന്നും സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് സിനിമയെ സമീപിക്കേണ്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഞാൻ ടൈംലൈനുള്ളിൽ ജോലി തീർക്കുന്ന ഒരു വ്യക്തിയല്ല. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് പ്രവർത്തിക്കുന്ന വ്യക്തിയുമല്ല. എന്നിൽ ആകാംക്ഷയുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു എന്ന് മാത്രം.
ഞാൻ പ്രേക്ഷകരോടും പറയുന്നത് എനിക്ക് അവരോടുള്ള കമ്മിറ്റ്മെന്റ് എന്ന് പറയുന്നത് അവർക്ക് കാണാൻ കഴിയുന്ന ഒരു സിനിമ ചെയ്യാൻ ശ്രമിക്കുക എന്നതാണ്. അതല്ലാതെ ഞാൻ എന്റെ ജീവിതത്തിൽ എന്താണ് ചെയ്യുന്നത് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് അവര് ആശങ്കപ്പെടേണ്ട കാര്യമില്ല.
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക. തിയേറ്ററിൽ ഇരിക്കുമ്പോൾ മാത്രം എന്നെ കുറിച്ച് കഥാപാത്രത്തെ കുറിച്ച് ആലോചിക്കുക.
ആളുകൾ ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്നു ഒരു നടനെ പറ്റിയോ അയാളുടെ പെർഫോമൻസിനെ കുറിച്ചോ സംസാരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അവർ തിയേറ്ററിലോ, അതു കഴിഞ്ഞ് തിരികേ വീട്ടിലേക്ക് പോകുന്ന വഴിയോ സംസാരിച്ചോട്ടെ.
ആ കഥാപാത്രത്തെയോ നടനെയോ ഉള്ളിലേക്ക് എടുക്കേണ്ട. സിനിമ അതിനപ്പുറത്തേക്കില്ല. സിനിമയ്ക്ക് ഒരു ലിമിറ്റുണ്ട്, ആ ലിമിറ്റിൽ നിർത്തുക. സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്. ഫഹദ് പറഞ്ഞു.