ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
Tuesday, April 23, 2024 3:31 PM IST
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷന് പങ്കെടുത്തതെന്ന് പറഞ്ഞ ഫഹദ് പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ആ സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഒരു ഫോറിൻ പ്രൊഡക്ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. പ്രൊഡക്ഷൻ ഹൗസിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷന് പങ്കെടുക്കുന്നത്. അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും വളരെ നല്ല വ്യക്തികളായിരുന്നു. വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് അവർ പെരുമാറിയത്.
എനിക്ക് അഭിനയിച്ച് കാണിക്കാൻ അവർ ഒരു സീൻ തന്നു. ആ സീനിന് മുമ്പോ അതിനു ശേഷമോ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു വലിയ നടൻ ആണ് ആ സിനിമയിൽ അഭിനയിക്കുന്നത്, അദ്ദേഹത്തോടൊപ്പമാണ് ഞാൻ ആ സീനിൽ അഭിനയിക്കുന്നത്.
അപ്പോഴാണ് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത്, എന്റെ അടുത്ത സുഹൃത്തു പോലും ഇങ്ങനെയൊരു സീൻ കൊണ്ടുവന്നു തന്നാൽ ഞാൻ അത് കൃത്യമായി ചെയ്യില്ല. അതു പതിയെ സംഭവിക്കണം. ഇതാണ് എന്റെ രീതി, അതിൽ ഞാൻ സന്തുഷ്ടനുമാണ്.
തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല ഞാൻ. ആ നിമിഷം എന്തോ അത് പകർത്തുകയാണ് ചെയ്യുന്നത്. സിനിമ നിർമാണത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം എത്ര നന്നായി അത് ചിത്രീകരിക്കുന്നു എന്നുള്ളതാണ്. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, പക്ഷേ ഇത് രസകരമാണ്. ഫഹദ് ഫാസിൽ പറയുന്നു.