അയൺമാൻ ഇനി ഓസ്കാർ"മാൻ'; രണ്ടുതവണ കൈവിട്ടുപോയ ഓസ്കാറിനെ ഒടുവിൽ നെഞ്ചോട് ചേർത്ത് റോബർട്ട് ഡൗണി
Saturday, March 23, 2024 11:38 AM IST
രണ്ടുതവണ കൈവിട്ടുപോയ ഓസ്കാറിനെ ഒടുവിൽ നെഞ്ചോട് ചേർത്ത് റോബർട്ട് ഡൗണി ജൂനിയർ. അഭിനയജീവിതത്തിൽ നാലുപതിറ്റാണ്ടുകൾ താണ്ടിയതിന് ശേഷമാണ് ആ സ്വപ്നനേട്ടം ഡൗണിയുടെ അരികിലെത്തിയത്. മുൻപ് രണ്ടുതവണയാണ് ഓസ്കാർ സാധ്യതാപട്ടികയിൽ ഡൗണിയുടെ പേര് വന്നത്.
1993ൽ ചാപ്ലിനിലെ അഭിനയത്തിന് മികച്ച നടനും 2009ൽ പുറത്തിറങ്ങിയ ട്രോപ്പിക് തണ്ടർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരത്തിനും ഡൗണിയുടെ പേര് നോമിനേഷനിലുണ്ടായിരുന്നു. എന്നാൽ അവസാനനിമിഷം ഡൗണിയുടെ പേര് പിന്തള്ളപ്പെടുകയായിരുന്നു.
ഒടുവിൽ ഓസ്കാറിൽ മുത്തമിടാൻ ക്രിസ്റ്റഫർ നോളൻ ഡൗണിയെ സഹായിച്ചു. നോളൻ സംവിധാനം ചെയ്ത് ഓപൻഹൈമറിൽ സഹനടനായ ലൂയിസ് സ്ട്രൗസ് എന്ന വേഷം ഡൗണിയുടെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ചു.
കുടിലബുദ്ധിക്കാരനായ യുഎസ് ആണവോർജ കമ്മിഷൻ ചെയർമാന്റെ വേഷത്തിലൂടെ ഒടുവിൽ ഓസ്കാറിലെ മികച്ച സഹനടനായി റോബർട്ട് ഡൗണി ആദ്യ ഓസ്കാറിൽ മുത്തമിട്ടു.
ഭാര്യ സൂസനൊപ്പമാണ് ആദ്യ ഓസ്കാർ സ്വീകരിക്കാൻ ഡൗണി എത്തിയത്. എന്റെ ദുരിതംനിറഞ്ഞ കുട്ടിക്കാലത്തിനും അക്കാദമിക്കും ഞാൻ നന്ദി പറയുന്നു. അതിനൊപ്പം എന്റെ ഭാര്യ സൂസൻ ഡൗണിക്കും നന്ദി.
അവളെന്നെ കണ്ടെത്തി എന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഈ ജോലിക്ക് എന്നെ ആവശ്യമുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഈ ജോലി എനിക്കാവശ്യമുണ്ടായിരുന്നു എന്നതാണ് എന്റെ ചെറിയ രഹസ്യം.
അതുകൊണ്ടാണ് ഞാനിന്ന് നല്ലൊരു മനുഷ്യനായി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ഓസ്കർ പുരസ്കാരം സ്വീകരിച്ചു കൊണ്ട് റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു.
ഓപ്പൻഹൈമറിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങളും ഡൗണി നേരത്തെ സ്വന്തമാക്കിയിരുന്നു.