ഓപ്പന്ഹൈമറിനായി ക്രിസ്റ്റഫർ നോളൻ വാങ്ങിയ പ്രതിഫലം 800 കോടിയിലധികം; റിപ്പോർട്ടുകൾ പുറത്ത്
Saturday, March 23, 2024 11:37 AM IST
ഓസ്കാറിൽ ഏഴഴകിൽ തിളങ്ങിയ ഓപ്പൻഹൈമറിനായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത്. കോടികൾ മുടക്കി പുറത്തിറക്കിയ ചിത്രത്തിനായി നോളൻ വാങ്ങിയത് 100 മില്യൺ ഡോളറാണെന്നാണ് ഹോളിവുഡ് മാധ്യമം വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഇന്ത്യൻ രൂപ 828 കോടി രൂപയാണ് നോളന്റെ പ്രതിഫലം.
വൻ ബജറ്റിലൊരുക്കിയ ചിത്രം 2023 ജൂലൈയിലാണ് റിലീസ് ചെയ്തത്. വൻവിജയമായിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ നേടിയത് 958 മില്ല്യൺ ഡോളർ (7935 കോടി) ആണ്.
ഭീമമായ പ്രതിഫലം സംവിധായകന് ലഭിച്ചപ്പോൾ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റോബർട്ട് ജെ. ഓപ്പൺഹൈമറെ അവതരിപ്പിച്ച കിലിയൻ മർഫിയുടെ പ്രതിഫലം 10 മില്യൺ ഡോളറാണ്.
റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ തുടങ്ങിയ സഹതാരങ്ങൾക്ക് നാല് മില്യൺ ഡോളറാണ് ലഭിച്ചത് എന്നും വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.
ആറ്റം ബോംബിന്റെ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ റോബര്‍ട്ട് ജെ. ഓപ്പണ്‍ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമയ്ക്ക് ഏഴ് വിഭാഗത്തിലാണ് ഓസ്കാർ ലഭിച്ചത്.
മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ, ഛായഗ്രഹണം, ഒർജിനൽ സ്കോർ, ചിത്രസംയോജനം എന്നീ വിഭാഗത്തിലാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.
മികച്ച ചിത്രമായി ഓപൻഹൈമർ പുരസ്കാരം നേടിയപ്പോൾ തൊട്ടുപിന്നാലെ മികച്ച സംവിധായകനുള്ള ഓസ്കാർ ക്രിസ്റ്റഫർ നോളൻ തന്റെ കൈകളിൽ ഭദ്രമാക്കി. ഓപൻഹൈമറിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.
ഹോയ്തെ വാൻ ഹൊയ്തെമ മികച്ച ഛായഗ്രഹകനായി. ലഡ്വിഗ് ഗൊരാൻസൺ മികച്ച ഒർജിനൽ സ്കോർ വിഭാഗത്തിൽ ഓസ്കാർ നേട്ടം കരസ്ഥമാക്കിയപ്പോൾ ചിത്രത്തെ കൂട്ടിയോജിപ്പിച്ച് കൃത്യമാക്കിയ ജെന്നിഫർ ലേം മികച്ച ചിത്രസംയോജനുള്ള ഓസ്കാർ നേടി.