ദീപികയ്ക്കും കുഞ്ഞിനുമായി സിനിമയിൽ നിന്നും ആറുമാസത്തെ ഇടവേളയെടുക്കാൻ രൺവീർ
Saturday, March 23, 2024 9:24 AM IST
ബോളിവുഡ് താരദന്പതികളായ രൺവീർ സിംഗും ദീപിക പാദുക്കോണും അവരുടെ ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ദീപിക ഗർഭിണിയാണെന്നും സെപ്റ്റംബറിൽ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ഞിനൊപ്പവും ദീപികയ്ക്കൊപ്പവും സമയം ചിലവഴിക്കുന്നതിനായി രൺവീർ സിനിമകളിൽ നിന്നും ആറുമാസത്തെ അവധി എടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
ആറുമാസത്തേയ്ക്കാണ് രൺവീർ പിതൃത്വ അവധി എടുക്കുന്നതെന്നാണ് സൂചന. ഈ കാലയളവിൽ പുതിയ സിനിമകളും താരം ഏറ്റെടുക്കില്ല.
"ദീപിക ഇതിനകം തന്നെ ഏറ്റെടുത്ത പ്രോജക്ടുകൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. എല്ലാ ജോലികളും തീർത്ത് വരാൻ പോകുന്ന കുഞ്ഞിനായി ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ് ദീപിക.
രൺവീർ സിംഗും പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കുന്നില്ല. ഡോൺ 3, ശക്തിമാൻ, ആദിത്യയുടെ ആക്ഷൻ ചിത്രം എന്നിവ പൂർത്തിയാക്കിക്കഴിഞ്ഞാൽ പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കാതെ ദീപികയ്ക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന്റെ തീരുമാനം.’ താരങ്ങളുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു രൺവീറിന്റെയും ദീപികയുടെയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്.
രണ്ട് വര്‍ഷത്തിന് ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.