പഴയ മോഹൻലാലിനെ ഓർമപ്പെടുത്തി പ്രണവ്; 'വർഷങ്ങൾക്ക് ശേഷം' വീഡിയോ ഗാനം
Friday, March 1, 2024 11:25 AM IST
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. അമൃത് രാംനാഥ് സംഗീതം ചെയ്ത 'മധു പകരൂ' എന്ന ഗാനം വിനീത് ശ്രീനിവാസൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്.
പ്രണവ് മോഹൻലാലാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. പഴയ മോഹൻലാലിനെ അനുസ്മരിപ്പിക്കും വിധമാണ് പ്രണവിന്റെ ലുക്കുകളെല്ലാം തന്നെ. ഗസൽ മൂഡിലാണ് ഗാനത്തിന്റെ ചിത്രീകരണം. ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെൻഡിംഗിൽ ഇടം നേടിക്കഴിഞ്ഞു.
പ്രണവിനൊപ്പം ധ്യാനും നിവിൻ പോളിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.
അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയറ്ററിലെത്തും.